തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരം ഞെട്ടിക്കുന്നത്. മരിക്കുന്നതിന് ആറ് മാസം മുമ്പെങ്കിലും പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായി.
പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പരിചയക്കാരനായ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടി മതപഠനകേന്ദ്രത്തിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് നിഗമനം. യുവാവുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതോടെയാണ് കുട്ടിയെ മതപഠനകേന്ദ്രത്തിലേക്ക് മാറ്റിയതെന്നും കുട്ടി മാനസിക പീഡനത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നു.
നടുവിളാകം പുരയിടം വീട്ടിൽ ഹാഷിം (20)നെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുമായി ഏറെ നാളത്തെ അടുപ്പമുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഹാഷിമിന്റെ മൊഴി
കഴിഞ്ഞ മാസം 13നാണ് പെൺകുട്ടിയെ അൽ അമാൻ എജൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മതപഠനശാലയിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.