കോഴിക്കോട്: റെയില്‍വേയുടെ സ്ഥലത്ത് ഭൂമിയില്‍ ഫോട്ടോ ഷൂട്ടോ റീല്‍സോ നടത്തുന്നതിൽ തടസമില്ല. പക്ഷെ പണമടയ്ക്കണമെന്ന് മാത്രം. റെയിൽവേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും നിരക്കുകൾ പ്രസിദ്ധീകരിച്ചു.
ട്രെയിനുകൾ ഉൾപ്പെടാത്ത ചിത്രീകരണങ്ങൾക്ക് (വ്യവസായിക ആവശ്യങ്ങൾക്കായി) മൊബൈൽ, ഡിജിറ്റൽ കാമറ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കോയമ്പത്തൂർ, മംഗളൂരുഎന്നിവിടങ്ങളിൽ 5,000 രൂപ നൽകണം.
മറ്റ് സ്റ്റേഷനുകളിൽ 3,000 രൂപയാണ് ചാർജ്. പഠനാവശ്യങ്ങൾക്കായി കാമറ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾക്ക് വൈ സ്റ്റേഷനുകളിൽ 2,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 1500 രൂപയും നൽകണം.
വ്യക്തിപരമായ ഉപയോഗങ്ങൾക്ക് പ്രഫഷണല്‍ കാമറയ്ക്ക് വൈ സ്റ്റേഷനുകളിൽ 3,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 2,500 രൂപയും നൽകണം.
വിവാഹം, സേവ് ദ ഡേറ്റ് ഉൾപ്പെടെ ട്രെയിനുൾപ്പെടുന്ന ചിത്രീകരണങ്ങൾക്കും ട്രെയിനുകളിലെ ചിത്രീകരണങ്ങൾക്കും ഗുഡ്സ് ഷെഡ്, ഗുഡ്സ് ടെർമിനുകൾ എന്നിവിടങ്ങളിലും വൈ സ്റ്റേഷനുകളിൽ 1500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 1000 രൂപയും നൽകണം.
പഠനാവശ്യങ്ങൾ മുൻനിർത്തിയുള്ള ചിത്രീകരണങ്ങൾക്ക് വൈ വിഭാഗത്തിൽ 750 രൂപയും ഇസഡ് വിഭാഗത്തിൽ 500 ഉം ആണ് ഫീസ്. ഒരു ദിവസത്തേക്കാകും അനുമതി.