ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ കട തല്ലിത്തകർത്ത യുവാവിനെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതി ആക്രമിച്ചു. ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എൻഎഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) ആണ് ആക്രമണം അഴിച്ചുവിട്ടത്.
പട്ടേരിപ്പുറത്തെ വീട്ടിൽ പ്രതിയെ പിടികൂടാൻ പോലീസ് എത്തിയപ്പോൾ ആദ്യം ഡോബർമാൻ നായയെ അഴിച്ച് വിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി.
പ്രതിയെ കൊണ്ടു വന്ന പോലീസ് ജീപ്പിന്റെ പുറകുവശത്തെ ഗ്ലാസും അടിച്ചു തകർത്തു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഫിറ്റ്നസ് ട്രയിനറായ ഇയാളെ അറസ്റ്റ് ചെയ്തത്.
ആരോഗ്യ പരിശോധനയ്ക്കായി ജില്ലാശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. കൈ വിലങ്ങ് അഴിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി.
ഡോക്ടറും ഭയന്നതോടെ പോലീസിന്റെ സാന്നിധ്യത്തിലാണ് രോഗിയുടെ പരിശോധന നടത്തിയത്. റെയിൽവേ സ്റ്റേഷനിലെ കായനാട്ട് ഷോപ്പിംഗ് കോംപ്ലക്സിലെ ചെറിയ ചായക്കടയാണ് ഇയാൾ ബുധനാഴ്ച വൈകിട്ട് നാലരയോടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തല്ലിത്തകർത്തത്.