കൊട്ടാരക്കരയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം സിനിമാസ്റ്റൈലില്‍ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഫ്രാഞ്ചൈസി ജീവനക്കാരനെ സ്കോര്‍പിയോ വാന്‍ കൊണ്ട് ഇടിച്ചിട്ട് 13.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മൂന്നുപേരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തത്.
കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ബിനീഷ് ഭവനില്‍ ബിനീഷ് കുമാര്‍, ശാസ്താമുകള്‍ ചരിവുള്ള വീട്ടില്‍ മുജീബ്, സഹോദരന് മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 27ന് വൈകിട്ട് 6 30ന് പട്ടാഴി വിരുത്തിയില്‍ വച്ചാണ് കവര്‍ച്ച നടന്നത്.
എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസി ജീവനക്കാരനായ മൈലം അന്തമണ്‍ കളപ്പില തെക്കേതില്‍ ഗോകുല്‍ സഞ്ചരിക്കുന്ന ബൈക്ക് സ്കോര്‍പിയോ കൊണ്ട് ഇടിച്ചിട്ട ശേഷം 13.6 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് കേസ്.
സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള മോഷണമാണ് ബിനീഷും സുഹൃത്തുക്കളും ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.
ഒന്നാം പ്രതിയായ ബിനീഷ് ബഷീര്‍ അഡ്വാന്‍സ് നല്കിയ വസ്തു വാങ്ങുന്നതിന് തികയാതെ വന്ന പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയത്.
എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനുള്ള ഫ്രാഞ്ചൈസി കൂടിയാണ് ബിനീഷ്. തന്നോടൊപ്പം ഉള്ള മറ്റൊരു ഫ്രാഞ്ചൈസിയും സുഹൃത്തുമായ സാവദിന്റെ ജീവനക്കാരനാണ് പണം തട്ടലിനു വിധേയനായ ഗോകുല്‍.
സാവദ് പണം പിന്‍വലിക്കുന്നത് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ബിനീഷിന് അറിയാന്‍ കഴിയും.
ബാങ്കിന്റെ കൊട്ടാരക്കരയിലെ പ്രധാന ബ്രാഞ്ചില്‍ നിന്നും പണം പിന്‍വലിച്ച് സാവദ് ഗോകുലിനെ ഏല്‍പ്പിക്കും.
ഗോകുല്‍ പോയി എടിഎമ്മില്‍ പണം നിറയ്ക്കും. ഇത് മനസ്സിലാക്കിയാണ് ബിനീഷും കൂട്ടുകാരും പദ്ധതി തയ്യാറാക്കിയത്
ഇതിനായി എറണാകുളത്തു നിന്നും ഒരു കാറിന്റെ നമ്പര്‍ സംഘടിപ്പിച്ചു അതെ രീതിയില്‍ മുബാറക്കിന്റെ കാര്‍ അവര്‍ തയ്യാറാക്കി.
സാവദ് ബാങ്കില്‍ നിന്നും 62 ലക്ഷം രൂപ പിന്‍വലിച്ച് ഗോകുലിനെ ഏല്‍പ്പിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബിനീഷ് കൂട്ടുകാരും കാറില്‍ ഗോകുലിനെ പിന്തുടര്ന്നു.
ഇതിനിടയില്‍ ഗോകുല്‍ മറ്റ് രണ്ട് എടിഎമ്മില്‍ പണം നിറച്ചു. ഇവിടെവച്ച് ഇവര്‍ക്ക് കൃത്യം നടത്താന്‍ കഴിയാതെ ഗോകുലിനെ പിന്തുടര്ന്നു.
പട്ടാഴിയിലെ വിജനമായ സ്ഥലത്ത് വച്ച് കൃത്യം നടത്താന്‍ തരത്തിലുള്ള സ്ഥലം കണ്ടെത്തി. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഗോകുലിനെ കാറില്‍ എത്തി പിറകില്‍ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഭയന്ന ഗോകുലിനെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. ഇതോടെ ഗോകുല്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി രക്ഷപെടുകയായിരുന്നു.
ഈ തക്കം നോക്കി 13.6 ലക്ഷം രൂപ അടങ്ങിയ ബാഗുമായി ബിനീഷും സംഘവും കടന്നുകളഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പോലീസ് പരിശോധനയില്‍ കാര്‍ കണ്ടെത്തി.
കാറിന്റെ നമ്പര്‍ അന്വേഷിച്ച് എറണാകുളത്ത് എത്തിയപ്പോള്‍ യഥാര്‍ത്ഥ ഉടമ സംഭവത്തില്‍ പ്രതിയല്ലെന്ന് പോലീസിന് മനസിലായി.
പിന്നീട് കാര്‍ കണ്ടെത്താനുള്ള ശ്രമം നടത്തി. അതിനിടെയാണ് സംശയം തോന്നിയ ബിനീഷിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ബിനീഷിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഭവബഹുലമായ പണം തട്ടിലിന്റെ കഥ വെളിവാകുന്നത്.