തൊടുപുഴ: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽനിന്നു ഓട്ടുരുളി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച സഹോദരങ്ങളുൾപ്പടെയുള്ള നാലംഗ സംഘത്തെ ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ തൊടുപുഴ പോലീസ് പിടികൂടി.
മുട്ടം കരിക്കനാംപാറ വാണിയപ്പുരയ്ക്കൽ മണികണ്ഠൻ (27), സഹോദരൻ കണ്ണൻ (37), മണ്ണാർക്കാട് നെച്ചുകുഴി കുഴിന്പാടത്ത് ഷമീർ അഹമ്മദ് (31), കുമാരമംഗലം വെണ്ടയ്ക്കൽ പരുന്തുംകുന്നേൽ അനൂപ് (38) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തൊടുപുഴ സിസിലിയ ബാറിനു സമീപം ഇന്ത്യൻ ഓവർസീസ് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽനിന്നാണ് ഇവർ സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത്.
മോഷ്ടിച്ച ഓട്ടുരുളി വില്പന നടത്താൻ കൊണ്ടുപോകുന്നതിനായാണ് പ്രതികൾ നഗരത്തിൽനിന്നു ഓട്ടോറിക്ഷ വിളിച്ചത്. വലിയ ഓട്ടുരുളിയാണ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്.
ഇതിനിടെ, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോഡ്രൈവർ വാഹനം സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പോലീസിനോട് വിവരം പറഞ്ഞു.
തുടർന്ന പോലീസ് പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇത് തങ്ങളുടേതാണെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്നു സമ്മതിച്ചത്.
വീടിനുള്ളിലെ കൂടുതൽ സാധനങ്ങൾ വീണ്ടും മോഷണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും ചോദ്യംചെയ്യലിൽ വ്യക്തമായി. മദ്യപിക്കാൻ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
മണികണ്ഠൻ, ഷമീർ, കണ്ണൻ എന്നിവർക്കെതിരേ തൊടുപുഴ, മുട്ടം സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. എസ്ഐ സിദ്ദിഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.