സീമ മോഹന്‍ലാല്‍
കൊച്ചി: സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തെരയുകയും കൈമാറ്റം ചെയ്യുന്നവര്‍ കരുതിയിരിക്കുക. ഇത്തരക്കാരെ കുടുക്കാന്‍ കേരള പോലീസ് സൈബര്‍ ഡോമിന്റെ ഓപ്പറേഷന് പി ഹണ്ട് കൂടുതല്‍ ശക്തമാകുകയാണ്.
കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാണുന്ന നിരവധി പേര് പോലീസ് നിരീക്ഷണത്തിലാണെന്ന് ലഭ്യമാകുന്ന വിവരം. സൈബര്‍ ഡോമിനൊപ്പം ഇന്റര്‍ പോളും ഇവരെ നിരീക്ഷിക്കുന്നുണ്ട്.
ഓപ്പറേഷന് പി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടയില്‍ പിടിയിലായത് 58 പേരാണ്. ഇക്കഴിഞ്ഞ മേയ് 22 ന് സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.
ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന 449 ലൊക്കേഷനുകള്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അന്ന് നടന്ന റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മൊബൈല്‍ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കംപ്യൂട്ടര്‍ ഉള്‍പ്പെടെ 212 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. അഞ്ചു മുതല്‍ 16 വയസുവരെയുള്ള തദേശീയരായ കുട്ടികളുടെ അശ്ലീല ചിത്രങ്ങളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്.
ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ റെയ്ഡില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 ഫോണുകള്‍ പിടിച്ചെടുക്കുകയുണ്ടായി.
സൈബര്‍ ഡോമിന്റെ കീഴിലുള്ള കേരള പോലീസ് സിസിഎസ്ഇ(കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍) സംസ്ഥാന വ്യാപകമായി നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന് പി ഹണ്ട്.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികളെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരക്കാര്‍ എവിടെയാണെങ്കിലും കൈയോടെ പൊക്കുന്ന രീതിയിലാണ് പി ഹണ്ട് റെയ്ഡ് നടക്കുന്നത്.
മലപ്പുറം ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. 20 -30 പ്രായപരിധിയിലുള്ള കോളജ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായവരില്‍ ഏറെയും. ഐടി രംഗത്തുള്ളവരും പിന്നിലല്ല.
തെളിവു നശിപ്പിച്ചാലും കുടുങ്ങും
വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ കൂടുതലായും കൈമാറ്റം ചെയ്യുന്നത്. പോലീസ് റെയ്ഡ് ശക്തമാക്കിയതോടെ വാട്സ്ആപ്പ് , ടെലിഗ്രാം ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടശേഷം ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ദൃശ്യങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്യുന്നു. കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങള്‍ പണം നല്കി ലൈവ് ആയി കാണാന്‍ അവസരം ഒരുക്കുന്ന ലിങ്കുകള്‍ നിലവിലുള്ളതായും പോലീസ് റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. പല ഗ്രൂപ്പുകളും പേരുകള്‍ ഇടയ്ക്കിടയ്ക്ക് മാറ്റാറുമുണ്ട്. എന്നാല്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗിന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാന്‍ കേരളാ പോലീസിന്റെ സാങ്കേതിക സംവിധാനം ശക്തമാണ്.
അഞ്ചു വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും
നിലവിലെ നിയമപ്രകാരം കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവരുകയാണെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസറും ഇന്റലിജന്‍സ് ഐജിയുമായി പി.പ്രകാശ് പറഞ്ഞു.