എസ്. മഞ്ജുളാദേവി
ഹൃദയ വിശുദ്ധിയും ലാളിത്യവും കൈമുതലാക്കി, ഒരു പിന്നണി ഗായകന്റെ യാതൊരുവിധ പരിവേഷങ്ങളുമില്ലാതെ നമുക്കിടയിലൂടെ സാധാരണ ഒരാളെപോലെ നടന്നിരുന്ന ചലച്ചിത്ര പിന്നണി ഗായകനാണ് കെ.പി. ഉദയഭാനു.
ജീവിതത്തിന്റെ അവസാന നാളുകളിൽ തിരുവനന്തപുരം നഗരത്തിലൂടെ കെ.പി. ഉദയഭാനു സഞ്ചരിച്ചിരുന്നത് നിറയെ വർണങ്ങളുള്ള ഉടുപ്പും തലയിൽ തൊപ്പിയും ധരിച്ചാണ്.
എന്തുകൊണ്ടാണ് വർണങ്ങളോട് ഇത്ര താല്പര്യം എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. തന്റെ കുട്ടിക്കാലത്ത് ജീവിതത്തിൽ തീരെ നിറങ്ങൾ ഉണ്ടായിരുന്നില്ല എന്ന് കെ.പി. ഉദയഭാനു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
സിംഗപ്പൂരിൽ വച്ച് ബാല്യത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട കഥകളും നിറംകെട്ടുപോയ തന്റെ കുട്ടിക്കാലത്തെ കുറിച്ചും പലവട്ടം ഉദയഭാനു പറഞ്ഞിട്ടുണ്ട ്. പിൽക്കാലത്തും ദുരന്തങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട ് ഉദയഭാനു.
ഭാര്യ വിജയലക്ഷ്മിയുടെ മരണം, രോഗം അങ്ങനെ വലിയ വേദനകൾ. അതൊക്കെ ഒരുപക്ഷേ ഈ മഹാഗായകന്റെ ശോകഗാനങ്ങളുടെ തീവ്രതയ്ക്കു ഒരു കാരണമായും മാറിയിരുന്നിരിക്കാം.
’ചുടുകണ്ണീരാൽ എൻ ജീവിതകഥ ഞാൻ മണ്ണിതിലെഴുതുന്പോൾ’ എന്നും ’അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു’ എന്നും കെ.പി. ഉദയഭാനു പാടുന്പോൾ ആസ്വാദകരുടെ നെഞ്ച് ഇന്നും വിങ്ങുന്നതും അതിലെ ആത്മാംശം കൊണ്ട ് തന്നെയാവണം.
എന്നാൽ ഇത്രയൊക്കെ ദുരിതങ്ങൾ ഏറ്റുവാങ്ങുന്പോഴും ജീവിതത്തെ ഏറ്റവും പോസിറ്റീവായി എടുത്ത ഒരു ഗായകൻ കൂടിയാണ് ഉദയഭാനു.
ചെറിയ കാര്യങ്ങളിൽ പോലും ആഹ്ലാദിച്ച്, പാട്ടുകൾ മൂളി, പാട്ടുകൾ ആസ്വദിച്ച് തലസ്ഥാന നഗരത്തിന്റെ ഭാഗമായി അദ്ദേഹം ജീവിച്ചു. സ്വന്തം പാട്ടുകൾ കേൾക്കുക, പാട്ടുകളുടെ കണക്കുകളും ഓഡിയോ കാസറ്റുകളും സൂക്ഷിച്ചു വയ്ക്കുക അങ്ങനെ ഒന്നും ഉദയഭാനു ചെയ്തിരുന്നില്ല.
വീട്ടിലുണ്ടായിരുന്ന പല കാസറ്റുകളും സുഹൃത്തുക്കളും ഗാനാസ്വാദകരും കേൾക്കുവാനായി കൊണ്ട ുപോയി എന്ന് ഉദയഭാനു പറഞ്ഞത് ഓർമിക്കുന്നു.
“”പാടിയ പാട്ടുകൾ പലതും മനസ്സിലുണ്ട ്. പഴയ കാലത്തെ രീതി അങ്ങനെയായിരുന്നല്ലോ. രണ്ട ് മൂന്നുദിവസം റിഹേഴ്സലുണ്ട ാകും. സംഗീത സംവിധായകർ ചിട്ടപ്പെടുത്തുന്ന ഈണത്തിനൊപ്പം ആവർത്തിച്ചു പാടിപാടി വരികൾ ഹൃദയത്തിൽ പതിയും.
റെക്കോർഡിംഗ് സമയത്ത് പാട്ടിന്റെ വരികൾ പേപ്പറിൽ നോക്കിയല്ല പാടുന്നത്. ഹൃദയത്തിൽ നിന്നും താനെ ഗാനം വരികയാണ്.”സത്യം..സൗണ്ട് എൻജിനീയറിംഗ്, പിച്ച് കറക്ഷൻ തുടങ്ങി ഗായകന്റെ അധ്വാനം കുറയ്ക്കുന്ന, ശബ്ദം മനോഹരമാക്കുന്ന സാങ്കേതിക വിദ്യകളെ കുറിച്ചൊന്നും കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്തെ മഹാനായ ഈ പിന്നണി ഗായകൻ ഹൃദയം കൊണ്ടുതന്നെയാണ് പാടിയത്.
പഴയകാല ചലച്ചിത്ര പിന്നണി ഗാനലോകത്തിന്റെ കഥകൾ ഉദയഭാനു പങ്കുവച്ചിരുന്നു. “”പുതിയ തലമുറയ്ക്കു സങ്കല്പിക്കുവാൻ പോലും കഴിയാത്ത കാലമായിരുന്നു അത്.
ഇന്നത്തെ പോലെ സിനിമാ തീയറ്റുകളില്ല, ടെലിവിഷനില്ല, ടേപ്പ് റെക്കോർഡുകളില്ല. റേഡിയോ പോലും വലിയ സന്പന്നന്മാരുടെ വീട്ടിൽ മാത്രമേ ഉള്ളൂ. ഒരു സിനിമാ പിന്നണി ഗായകന് ഇന്നു ലഭിക്കുന്ന താരത്തിളക്കമോ, പ്രശസ്തിയോ ഒന്നുമില്ല.
അങ്ങനെ ഒരു പ്രാധാന്യം വേണമെന്ന ചിന്തപോലും ഗായകർക്കു ഉണ്ടായിരുന്നുമില്ല. സിനിമയിൽ പാടിയെന്നല്ലാതെ ആ സിനിമകൾ ഒന്നും ഞാൻ കണ്ട ിട്ടില്ല. പാട്ടുകളും കേട്ടിരുന്നില്ല. ഇന്നും എന്റെ പാട്ടുകൾ അധികം കേൾക്കാറില്ല.”
ഇതായിരുന്നു സ്വർണത്തിനു സുഗന്ധമെന്നതുപോലെ നന്മയും നാദസൗഭഗവും ഒന്നിച്ചുചേർന്ന ഉദയഭാനു. സിനിയിൽ പാടിയ കാലത്ത് ആരും തിരിച്ചറിഞ്ഞില്ലെങ്കിലും പിൽക്കാലത്ത് കെ.പി. ഉദയഭാനുവിനു ചുറ്റും ആസ്വാദകർ കൂടിയിരുന്നു.
“”ചിലപ്പോൾ എനിക്കു തന്നെ അത്ഭുതം തോന്നാറുണ്ട്. ഓട്ടോയിൽ സഞ്ചരിക്കുന്ന സമയത്ത് ഓട്ടോ ഡ്രൈവർമാർ എന്റെ പാട്ടുകളെ കുറിച്ച് ദീർഘമായി സംസാരിക്കും.
എന്റെ ഒരു ഗാനം ഒരു ഓട്ടോ ഡ്രൈവർ എന്നെ പാടിക്കേൾപ്പിച്ചു. വളരെ നല്ല ഗാനം. പക്ഷേ ഞാൻ പാടിയതാണെന്ന് എനിക്കു ഓർമ വരുന്നില്ല. ഓട്ടോ ഡ്രൈവറുടെ കൈയിൽ പാട്ടിന്റെ കാസറ്റുണ്ട ത്രേ. ഇപ്പോഴും എനിക്കാ ഗാനം മനസ്സിലായിട്ടില്ല.” അവസാന നാളുകളിൽ ഒരിക്കൽ കെ.പി. ഉദയഭാനു പറഞ്ഞു ചിരിച്ചു…