മാവേലിക്കര: മകളെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ് നിഗമനം. കൊലയ്ക്കായി പ്രത്യേകം മഴു തയാറാക്കിയതായി പോലീസ് കണ്ടെത്തി.
മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര (6) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയിൽ എടുത്തത്. മഹേഷ് നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നുവെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പോലീസ് പറയുന്നു.
ബുധനാഴ്ച രാത്രിയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. തൊട്ടടുത്തു മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.
ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈക്കു വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വർഷം മുന്‍പ് ജീവനൊടുക്കിയിരുന്നു.
വിദേശത്തായിരുന്ന മഹേഷ്, പിതാവ് മുകുന്ദൻ ട്രെയിൻ തട്ടി മരിച്ച ശേഷമാണ് നാട്ടിലെത്തിയത്. പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നു.എന്നാൽ, അടുത്തിടെ മഹേഷിന്റെ സ്വഭാവത്തിലെ പോരായ്മകൾ അറിഞ്ഞ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറുകയായിരുന്നു.