പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹവാഗ്ദാനം നൽകി വീട്ടിൽനിന്നു വിളിച്ചിറക്കികൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പതിനെട്ടുകാരനും ഇയാൾക്ക് ഒത്താശ ചെയ്ത അച്ഛനും അറസ്റ്റിൽ.
പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ പ്രകാശ് (18), അച്ഛൻ തമിഴ്നാട് തെങ്കാശി സ്വദേശി ഗണേശൻ (44) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മേയ് 31ന് രാവിലെ എട്ടിനാണ് 17കാരിയെ വീട്ടിൽ നിന്നു കാണാതായത്. അന്നുതന്നെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പോലീസ് കുട്ടിയെ കാണാതായതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തിനു ശേഷം, പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
ഗണേശൻ താമസിക്കുന്ന തെങ്കാശി ഭാഗത്ത് പെൺകുട്ടി ഉള്ളതായി വ്യക്തമായി. സുഹൃത്ത്പ്രകാശ് കുട്ടിക്കൊപ്പമുള്ളതായും മനസിലാക്കി.
എസ്ഐ സായ് സേനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഫ്ത്തിയിൽ സ്ഥലത്തെത്തി, വനമേഖലയിൽ സാഹസികമായി നടത്തിയ തെരച്ചിലിൽ, പെൺകുട്ടിയെ കടത്തറ കാടിനുള്ളിൽ കണ്ടെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന യുവാവ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
തുടർന്ന്, കുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴിരേഖപ്പെടുത്തിയപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. ആറുമാസം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലായത്.
വീട്ടുവിട്ടിറങ്ങിയ പെൺകുട്ടിയെ എരുമേലി ബസ് സ്റ്റാൻഡിൽ യുവാവും രണ്ടാം പ്രതിയായ പിതാവ് ഗണേശനും കാത്തിനിന്നു കൂട്ടിക്കൊണ്ടുപോയെന്നാണ് മൊഴി.
ഗണേശന്റെ വീട്ടിലെത്തിച്ചശേഷം, പോലീസ് എത്താൻ സാധ്യത ഉണ്ടെന്ന് പറഞ്ഞ് സന്ധ്യയോടെ, ഇയാൾ ഇടയ്ക്കിടെ തങ്ങുന്ന കാട്ടിനുള്ളിലെ പാറയിടുക്കിൽ ഇരുവരെയും എത്തിച്ചു.
അവിടെ മകനും പെൺകുട്ടിക്കും കഴിയാൻ സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. രാത്രിയും പിറ്റേന്ന് പകലുമായി യുവാവ് പലതവണ പീഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു.
രക്തസ്രാവമുണ്ടായി അവശയായതിനെത്തുടർന്ന്, കാട്ടിൽ നിന്നിറങ്ങി ഗണേശന്റെ താമസ്ഥലത്തേക്ക് വരുന്നവഴിയാണ് പോലീസ് തങ്ങളെ കണ്ടെത്തിയതെന്നും പോലീസിനെ കണ്ട് പ്രകാശ് ഓടിരക്ഷപ്പെട്ടുവെന്നും കുട്ടി വെളിപ്പെടുത്തി.
വെച്ചൂച്ചിറ പോലീസ ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിയ സംഘം നടത്തിയ തെരച്ചിലിൽ രണ്ടാം പ്രതി ഗണേശനെ കടത്തറ കാടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡിൽ നിന്നു പിടികൂടി.
ഇയാളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരമനുസരിച്ച് യുവാവിന്റെ അമ്മവീടായ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ നിന്നും പ്രകാശിനെ കസ്റ്റഡിയിലെടുത്തു.
അന്വേഷണസംഘത്തിൽ എസ്ഐ സായ് സേനൻ, എസ്സിപിഒമാരായ സാംസൺ പീറ്റർ, അൻസാരി സിപിഒമാരായ ജോസി, അഞ്ജന എന്നിവരാണു ള്ളത്.