ബൊഗോട്ട: കൊളംബിയയില്‍ ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്നു കാണാതായ നാലു കുട്ടികളെ 40 ദിവസത്തെ തെരച്ചിലിനുശേഷം ജീവനോടെ കണ്ടെത്തി.
പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള സഹോദരങ്ങളെയാണ് ദുര്ഘടവനമേഖലയില്നിന്നു സൈന്യം രക്ഷപ്പെടുത്തിയത്. നാലും ഒന്‍പതും പതിമൂന്നും വയസുള്ളവരാണു മറ്റു കുട്ടികള്‍.
കുഞ്ഞുങ്ങള്‍ക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു സൈന്യം അറിയിച്ചു. നിര്‍ജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളത്.
അസാധാരണവും വിസ്മയകരവുമായ രക്ഷാപ്രവര്‍ത്തനം വിജയം കണ്ടെന്ന വാര്‍ത്ത കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ ചിത്രം സഹിതം ട്വീറ്റ് ചെയ്തു. രാജ്യത്തിനാകെ സന്തോഷമെന്നു പ്രസിഡന്റ് പറഞ്ഞു.
മേയ് ഒന്നിനാണ് വിമാനം തകര്‍ന്നുവീണ് കുട്ടികള്‍ കാട്ടില്‍ അകപ്പെട്ടത്. വിമാനത്തിന്റെ എഞ്ചിനു സംഭവിച്ച തകരാറാണ് അപകടകാരണം.
ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം ആമസോണിലെ അരാറക്വാറയില്നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാമധ്യേ ആമസോണ്‍ വനമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു.
നാലു കുട്ടികള്‍ അടക്കം ഏഴു പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാര്‍. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു ബന്ധുവിന്റെയും പൈലറ്റിന്റെയും മൃതദേഹം വിമാനാവശിഷ്ടങ്ങള്ക്കു സമീപം നേരത്തെ കണ്ടെടുത്തിരുന്നു.
എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താന്‍ സൈന്യത്തിനു കഴിഞ്ഞിരുന്നില്ല. കുട്ടികള്‍ രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
കമ്പുകളും ചില്ലകളും ഉപയോഗിച്ച് കുട്ടികള്‍ നിര്‍മിച്ച ഷെഡും ഫീഡിംഗ് ബോട്ടിലും ഹെയര്‍ ക്ലിപ്പും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിനു പിന്നാലെ സൈന്യം വ്യാപക തെരച്ചില്‍ നടത്തുകയായിരുന്നു. സമാനതകളില്ലാത്ത തെരച്ചിലാണു കൊളംബിയന്‍ സൈന്യം കാട്ടില്‍ നടത്തിയത്.
ഹെലികോപ്ടറുകളും വ്യോമസേനയും തെരച്ചിലില്‍ ഭാഗമായിരുന്നു. നിരവധി നായ്ക്കളെയും തെരച്ചിലിന് ഉപയോഗിച്ചു.
വലിയ വെല്ലുവിളി ഉയര്‍ത്തിയ രക്ഷാദൗത്യത്തിന് ‘ഓപ്പറേഷന് ഹോപ്പ്’ എന്നായിരുന്നു പേരിട്ടത്.
കുട്ടികള്‍ വനത്തിനുള്ളിലൂടെ അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്കുന്ന സന്ദേശം അവരുടെ മുത്തശ്ശിയുടെ ശബ്ദത്തില്‍ കേള്‍പ്പിക്കുന്നതിനായി ഒരു ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്നു.