കൊച്ചി: നൈജീരിയന്‍ കടലില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും, നൈജീരിയന്‍ നാവികസേനയുടെ ഉത്തരവുകള്‍ അവഗണിച്ചെന്നും ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ട മലയാളികള്‍ ഇന്ന് നാട്ടിലെത്തും.
കപ്പലിലെ ജീവനക്കാരായിരുന്ന 16 ഇന്ത്യന്‍ നാവികരില്‍ മലയാളികളായ എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍, എളംകുളം കുമാരനാശാന് നഗറിലെ താമസക്കാരനായ സനു ജോസ്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് ഇന്ന് ഉച്ചക്ക് ഒന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക.
ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചിട്ടുള്ളത്. കൊല്ലത്ത് ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് വിജിത്ത്.
2022 ഓഗസ്റ്റിലാണ് എംടി ഹീറോയിക് ഇഡൂണ്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ നൈജീരിയ കസ്റ്റഡിയിലെടുത്തത്. ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചത്.
16 ഇന്ത്യക്കാര്‍, എട്ട് ശ്രീലങ്കക്കാര്‍, ഒരു ഫിലിപ്പിനോ, ഒരു പോളിഷ് പൗരന് എന്നിവരടങ്ങുന്ന 26 അംഗ സംഘമാണ് എംടി ഹീറോയിക് ഇഡൂണിന്റെ നിയന്ത്രണ ചുമതല വഹിച്ചിരുന്നത്.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാര്‍ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയല്‍ ഗിനി പിടികൂടുകയായിരുന്നു.
2022 ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പല്‍ ജീവനക്കാര്‍. തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയല്‍ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്.
പിന്നീട് ഇവരെ നൈജീരിയന്‍ അധികൃതര്‍ക്ക് കൈമാറുകയും നൈജീരിയന്‍ നേവി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സുദീര്‍ഘമായ നയതന്ത്ര ഇടപെടലുകള്‍ക്കും, കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് ഇവരുടെ മോചനം സാധ്യമായതെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന 16 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 26 പേരെയും മോചിപ്പിച്ചു.