കോഴിക്കോട്: കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യസംസ്കരണ കരാർ പൂർത്തിയാക്കാതെ വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്. ഇതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരേ നടപടിക്ക് ഒരുങ്ങുകയാണ് കോഴിക്കോട് കോര്പറേഷന്.
ബാക്കി നിൽക്കുന്ന ക്യാപ്പിംഗ് ഉൾപ്പടെയുള്ള തുടർ പ്രവൃത്തികൾ കോഴിക്കോട് കോർപറേഷൻ സ്വന്തമായി നിർവഹിക്കും. ഇതിന്റെ ചെലവ് സോണ്ടയിൽനിന്ന് ഈടാക്കാനാണ് തീരുമാനം.
2019 ഡിസംബർ 10നാണ് സോണ്ടയുമായുള്ള 7.7 കോടിയുടെ കരാർ ഒപ്പിട്ടത്. 6.5 ഏക്കറിലെ കെട്ടിക്കിടക്കുന്ന മാലിന്യം വേർതിരിക്കുക, 2.8 ഏക്കറിലെ മണ്ണ് നിരപ്പാക്കുക എന്നിവയ്ക്കായിരുന്നു കരാർ.
പലപ്പോഴായി അഞ്ചുതവണ കരാർ നീട്ടിനൽകിയെങ്കിലും പ്രവൃത്തി പൂർത്തിയാക്കാൻ സോണ്ട ഇൻഫ്രാടെക്കിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നിലവിൽ കോർപറേഷനുമായി ഒട്ടും സഹകരിക്കാത്ത സമീപനമാണ് സോണ്ടയുടെ ഭാഗത്തുനിന്നുള്ളത്.പദ്ധതിയിൽനിന്ന് പിൻമാറാൻ ശ്രമിക്കുന്ന സോണ്ടയ്ക്ക് ഇതുവരെ നടത്തിയ പ്രവൃത്തികൾക്കായി രണ്ടു കോടി രൂപ കോർപറേഷൻ നൽകാനുണ്ട്.
സംസ്കരണം പൂർത്തിയാക്കാത്തതിന് കൗൺസിൽ ശിപാർശ ചെയ്ത പിഴയും ചെലവും ഇതിൽനിന്ന് ഇടാക്കും.ക്യാപ്പിംഗ് പൂർത്തിയാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ക്യാപ്പിംഗ് നടത്തിയ സ്ഥലത്ത് മണ്ണ് മൂടുന്ന തരത്തിലുള്ള ലൈനർ ഇതുവരെ സ്ഥാപിച്ചിട്ടില്ല.