കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ് അന്വേഷണസംഘത്തിന് കൈമാറിയ രേഖകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച്.
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്‍ഐസി സോഫ്റ്റ്വെയറിന്റെ തകരാറാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം. ഇത് സാധൂകരിക്കുന്ന രേഖളാണ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുള്ളതും.
ഈ രേഖകളുടെ ആധികാരികതയും ഇതിലെ വാസ്തവവും തിരിച്ചറിയാനാണ് വിദഗ്ധരുടെ അടക്കം സഹായത്തോടെ അന്വേഷണസംഘം വിശദപരിശോധനയ്ക്കൊരുങ്ങുന്നത്.
എന്‍ഐസി സോഫ്റ്റ്വെയര് ഇതുസംബന്ധിച്ച് സ്ഥിരമായി വരുത്തുന്ന പിഴവാണിതെന്നും സംഭവത്തിന് പിന്നാലെ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇതിലും ക്രൈംബ്രാഞ്ച് വ്യക്തത തേടും. ഒപ്പം പിഴവ് സംഭവിച്ചെന്ന് കോളജ് വ്യക്തമാക്കിയ മറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷഫലങ്ങളും പരിശോധിക്കും.
പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്യും
മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്ന് കോളജിലെ പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്യും. വിവാദത്തിന് പിന്നാലെ തനിക്കെതിരായ ഗൂഢാലാചനയാണിതെന്ന് ആര്‍ഷോ പ്രതികരിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്യുന്നത്. എഴുതാത്ത പരീക്ഷ ജയിച്ചത് എങ്ങനെ, അതിന്റെ ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്, വിഷയത്തില്‍ പുറമേ നിന്നുള്ള ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും.
കൂടാതെ കേസില്‍ പ്രതികളായ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാര്‍, കെഎസയു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെഎസ്യു മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റ് സി.എ. ഫാസില്‍ എന്നിവരില്‍ നിന്നും, കേസുമായി ബന്ധപ്പെട്ട മറ്റ് സാക്ഷികളില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും.
പരാതിക്കാരനില്‍നിന്നു മൊഴിയെടുത്തില്ല
സംഭവവത്തില്‍ കേസെടുത്ത് നാല്ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം ഇനിയും പരാതിക്കാരനില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ആര്‍ഷോ എഴുതിക്കൊടുത്ത പേരുകള്‍ പോലീസ് അതേപടി പ്രതിപട്ടികയില്‍ ചേര്‍ക്കുകയായിരുന്നുവെന്ന് കെഎസ്യു അടക്കം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാരനില്‍ നിന്ന് മൊഴി രേഖപ്പെടുത്തുന്നതിനും പോലീസ് വിമുഖത കാണിക്കുന്നത്.
വാട്സ്ആപ്പ് സന്ദേശവും പരിശോധിച്ചേക്കും
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് മാര്‍ച്ച് 23ന് പുറത്തുവന്നതിന് പിന്നാലെ മേയ് 12ന് കോളജിലെ അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ മാര്‍ക്ക് ലിസ്റ്റില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു അധ്യാപകന് ശബ്ദസന്ദേശം അയച്ചിരുന്നു.
ഇതിലും അന്വേഷണസംഘം വ്യക്തത തേടുമെന്നാണ് വിവരം. അതേസമയം സന്ദേശം കോളജ് അധികൃതര്‍ ഇത് കാര്യമായി എടുത്തില്ല.
സ്ഥിരമായി തെറ്റുകള്‍ സംഭവിക്കുന്നതിനാലാണ് ഈ വിഷയം ഗൗരവത്തിലെടുക്കാതിരുന്നതെന്നാണ് കോളജിന്റെ വിശദീകരണം.
സംഭവം വിവാദമായതിന് പിന്നാലെ ഈ അധ്യാപകന് ഇതേ ഗ്രൂപ്പില്‍ വീണ്ടും സന്ദേശം അയച്ചു. അന്ന് പറഞ്ഞിരുന്ന കാര്യം ഗൗരവത്തിലെടുത്തിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നാണ് ഇതില്‍ പറഞ്ഞത്.