കൊച്ചി: ബ്ലോക്ക് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത ഗ്രൂപ്പ് പോര് മുറുകുന്നു. പ്രശ്ന പരിഹാരത്തിന് എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍ എത്താനിരിക്കെ മണിക്കൂറുകള്ക്കുമുമ്പും നേതാക്കളുടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പ്രവര്ത്തകര്ക്കാര്ക്ക് ദു:ഖമോ, അമര്‍ഷമോ ഇല്ലെന്ന് ബെന്നി ബഹനാന് എംപി പറഞ്ഞു.പ്രതിഷേധമുള്ളതായി ഒരു പ്രവര്‍ത്തകനും പറഞ്ഞിട്ടില്ല. സൗഭാഗ്യമനുഭവിച്ചവരാണ് ഗ്രൂപ്പുണ്ടാക്കുന്നതെന്ന സുധാകരന്റെ ആരോപണത്തിന് ഇപ്പോള്‍ മറുപടി പറയുന്നില്ല.
കേരളത്തിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കണ്ട് പറയാനുള്ളത് പറയും. മഞ്ഞുരുകുമോ ഇല്ലയോ എന്ന് കണ്ടുനോക്കാം. പ്രശ്നം പരിഹരിക്കപ്പെടണം, അതിനുള്ള നടപടികളുണ്ടാകണമെന്നും ബെന്നി ബഹനാന് പറഞ്ഞു.
കെപിസിസി പഠന ക്യാന്പിന്റെ ഭാഗമായി ആലുവായിലെത്തുന്ന എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഗ്രൂപ്പ് നേതാക്കളടക്കം പങ്കെടുക്കും.
ഗ്രൂപ്പ് പോരിനിടെ പഠന ക്യാന്പ്
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള പുതിയ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള ദ്വിദിന പഠന കാമ്പിന് ആലുവ കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തില്‍ തുടക്കമായി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം നിര്‍വഹിച്ചു.