കോട്ടൂർ സുനിൽ
കാട്ടാക്കട: അരിക്കൊന്പനെ ഇനി റേഡിയോ കോളർ വഴി തിരുവനന്തപുരത്തുനിന്ന് നിരീക്ഷിക്കും. നിരീക്ഷണത്തിനുള്ള ആന്റിന പെരിയാറിൽനിന്ന് തിരുവനന്തപുരം ഡിവിഷന് കൈമാറി.
അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു. അരിക്കൊമ്പൻ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്ത് എത്തിയതായാണ് വനം വകുപ്പിന്റെ നിരീക്ഷണം.
20 കിലോമീറ്റർ അകലെ നിന്ന് അരിക്കൊമ്പന്റെ സാന്നിധ്യം റേഡിയോ കോളർ സിഗ്നലിലൂടെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണുള്ളത്.
നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ ( ആകാശദൂരം ) അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു നിലവിൽ ആനയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും വകുപ്പ് പറയുന്നു.
ആന ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ചിന്നക്കനാലിൽ വച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല എന്നാണ് വിവരം.
പഴയ ആരോഗ്യസ്ഥിതിയിൽ ഒരു ദിവസം പതിനഞ്ചു മുതൽ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പൻ സഞ്ചരിക്കാറുണ്ട്. എന്നാൽ, ശനിയാഴ്ച ആറു കിലോമീറ്റർ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്.അരിക്കൊമ്പനെ നിരീക്ഷിക്കാൻ അമ്പതംഗ ദൗത്യസംഘത്തെ തമിഴ്നാട് വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ആളുകളുമായി അടുത്തിടപഴകി പരിചയമുള്ള ആനയായതിനാൽ ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാൽ അരിക്കൊമ്പനെ തിരികെ കൊണ്ടു വരിക എന്നത് ദുഷ്കരമായ ദൗത്യമാകും.
അത്തരം സാഹചര്യങ്ങൾ ഉണ്ടാകാതെയിരിക്കാനാണ് തമിഴ്നാട് വനംവകുപ്പ് കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അപ്പർ കോതയാർ ഭാഗത്ത് മുത്തുകുഴി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ ശനിയാഴ്ച എത്തിയെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിരുന്നു.
കന്യാകുമാരി വനമേഖലയിൽ നിന്നുളള സിഗ്നൽ ലഭിച്ചിട്ടുണ്ട്.എന്നാൽ ഇന്നലെ ലഭിച്ച സിഗ്നൽ പ്രകാരം നെയ്യാറിന് അടുത്ത് എത്തിയെന്നാണ്.
കോതയാർ വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ ആന ആരോഗ്യവാനാണെന്നു തമിഴ്നാട് വനം വകുപ്പ്. പറയുന്നു. ആവശ്യത്തിന് ആഹാരവും വെള്ളവും ആന കഴിക്കുന്നുണ്ട്. ക
ളക്കാട്, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള വനം വകുപ്പു ജീവനക്കാരും വെറ്ററിനറി ഡോക്ടർമാരും അടങ്ങിയ 6 സംഘങ്ങൾ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലാ ഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കളക്കാട് വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നുള്ള അരിക്കൊമ്പന്റെ പുതിയ ചിത്രവും വനംവകുപ്പു പുറത്തു വിട്ടു.