നെടുങ്കണ്ടം: മറ്റു ജില്ലകളില്‍നിന്ന് എത്തുന്ന ഉദ്യോഗസ്ഥര്‍ ഇടുക്കിക്കാരെ മലമൂടന്മാരും കോഞ്ഞാണന്മാരുമായാണ് കാണുന്നതെന്ന് എം.എം. മണി എംഎല്‍എ.
പെട്ടിഓട്ടോറിക്ഷയില്‍ പൈപ്പ് കൊണ്ടുപോയതിന് 20,000 രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിനു മുമ്പില്‍ നടത്തിയ ജനകീയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ജില്ലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
പൈപ്പ് കൊണ്ടുപോയതിനു പിഴ അടയ്ക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതു തങ്ങള്‍ക്കറിയാമെന്നും മണി പറഞ്ഞു. 500 രൂപ കൈമടക്ക് കൊടുത്തിരുന്നെങ്കില്‍ പിഴ ഒഴിവാക്കിക്കിട്ടുമായിരുന്നു.
വന്‍തുക ശമ്പളവും അല്ലാതെ കിമ്പളവും വാങ്ങുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പൊതുജനങ്ങള്‍ കായികമായി കൈകാര്യം ചെയ്യുന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
റവന്യു, വനം, പൊതുമരാമത്ത്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന പൊതുശല്യങ്ങളാണെന്നും മണി കുറ്റപ്പെടുത്തി. യോഗത്തില്‍ ടി.വി. ശശി അധ്യക്ഷത വഹിച്ചു.