ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും അസ്വസ്ഥത പുകയുന്നതായി സൂചന. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനും എതിരേ സൂപ്പർ താരം വിരാട് കോഹ്ലി തിരിഞ്ഞതായാണു ചില റിപ്പോർട്ടുകൾ.
ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനൽ ആരംഭിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ കോഹ്ലി നടത്തിയ കുറിപ്പുകളാണ് അദ്ദേഹം അസംതൃപ്തനാണെന്ന സൂചന നൽകുന്നത്. പ്രത്യേകിച്ച് രോഹിതിന്റെയും ദ്രാവിഡിന്റെയും തീരുമാനങ്ങളിൽ.
ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം സെലക്ഷനിലും കോഹ്ലി അസംതൃപ്തനായിരുന്നു എന്നാണ് സൂചന.
കോഹ്ലിയുടെ നിർദേശങ്ങൾ മുഖവിലയ്ക്കെടുക്കാൻ ടീം മാനേജ്മെന്റ് തയാറായില്ലെന്നും റിപ്പോർട്ടുണ്ട്. ലോക ടെസ്റ്റ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ 209 റണ്സിന്റെ വന്പൻ തോൽവി വഴങ്ങിയശേഷം കോഹ്ലി സോഷ്യൽ മീഡിയയിൽ നടത്തിയ കുറിപ്പാണ് അദ്ദേഹം അസംതൃപ്തനാണെന്ന സൂചന നൽകുന്നത്.
‘നിശബ്ദതയാണു വലിയ ശക്തിയുടെ ഉറവിടം’ എന്ന ലാവോ സുവിന്റെ വാക്കുകളാണു കോഹ്ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിനിടെ രോഹിത് ശർമയെ ടെസ്റ്റ് ക്യാപ്റ്റൻസിയിൽനിന്നു മാറ്റണമെന്നും പകരം കോഹ്ലിയെ തത്സ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്നുമുള്ള അഭിപ്രായം ഉയർന്നിട്ടുണ്ട്.
2021 ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ കോഹ്ലിയായിരുന്നു ക്യാപ്റ്റൻ. ടെസ്റ്റ് ലോകകപ്പ് ഫൈനൽ ചുരുങ്ങിയത് മൂന്നു മത്സരങ്ങളുള്ള പരന്പരയായി നടത്തണമെന്ന അഭിപ്രായം അന്നു കോഹ്ലി പറഞ്ഞിരുന്നു.
അതേ അഭിപ്രായം 2023 ഫൈനലിലെ തോൽവിക്കുശേഷം രോഹിത് ശർമയും പങ്കുവച്ചു എന്നതും ശ്രദ്ധേയം. എന്നാൽ, ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ മറുപടിയാണ് ഏറെ ശ്രദ്ധേയം. ഒളിന്പിക്സ് ഫൈനലിൽ സ്വർണത്തിനായി ഒരു തവണമാത്രമാണു മത്സരം നടക്കുന്നത് എന്നായിരുന്നു ഓസീസ് ക്യാപ്റ്റന്റെ പരിഹാസം നിറഞ്ഞ പ്രതികരണം.
ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്തതും ആർ. അശ്വിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതുമെല്ലാം ഇന്ത്യയുടെ പരാജയകാരണങ്ങളായി വിമർശകർ ചൂണ്ടികാണിക്കുന്നു.