കൊല്ലം: കുണ്ടറ രജിസ്ട്രാർ ഓഫീസിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച വിജിലൻസ് റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ടിന്. അറസ്റ്റിലായ രണ്ട് പ്രതികളുടെ വൈദ്യ പരിശോധനയും കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങിയത് രാവിലെ നാലോടെ.
പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആദ്യം ഓഫീസ് അസിസ്റ്റന്റും പിന്നീട് വനിതാ സബ് രജിസ്ട്രാറും പിടിയിലായത്.
പരാതിക്കാരനിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങവേയാണ് ഓഫീസ് അസിസ്റ്റന്റ് കടവൂർ കുരിപ്പുഴ സുരേഷ് കുമാർ പിടിയിലായത്. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ പാരിപ്പള്ളി സ്വദേശി എൻ.റീനയെയും രാത്രി വൈകി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് ഇടപാടുകാരിൽ നിന്ന് ഉദ്യോഗസ്ഥരും ജീവനക്കാരും പതിവായി കൈക്കൂലി ഈടാക്കുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇവിടെ വിജിലൻസ് പരിശോധന നടന്നത്.
കഴിഞ്ഞ ദിവസം ഇവിടെ പ്രമാണം രജിസ്റ്റർ ചെയ്യാൻ എത്തിയ വ്യക്തിയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വിവരം വിജിലൻസ് തെക്കൻ മേഖലാ സൂപ്രണ്ട് ജയശങ്കറിന് കൈമാറി.
തുടർന്ന് കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘം കൈകൂലിക്കാരെ പിടികൂടാൻ രഹസ്യമായി കെണിയൊരുക്കുകയായിരുന്നു.
ഒരു പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് ഇടപാടുകാരനോട് 1500 രൂപയാണ് ആവശ്യപ്പെട്ടത്. പരാതിക്കാരന് മൂന്ന് പ്രമാണമാണ് രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. ഇതിന് 4500 രൂപയാണ് ആവശ്യപ്പെട്ടത്.
ഇതിൽ 4000 രൂപ കൈമാറവേ യാണ് സുരേഷ് കുമാറിനെ വിജിലൻസ് പിടികൂടിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്യൽ നടന്നപ്പോഴാണ് സബ് രജിസ്ട്രാറുടെ പങ്കും വ്യക്തമായത്.
തുടർന്ന് സുരേഷ് കുമാറിന്റെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി.അറസ്റ്റിലായവരെ ഇന്ന് രാവിലെ എട്ടോടെ കൊല്ലത്ത് നിന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി.
കൈക്കൂലി വാങ്ങി വീതം വയ്ക്കുന്നതിൽ ഓഫീസിലെ ചില ജീവനക്കാർക്കും പങ്കുള്ളതായി വിജിലൻസ് സംഘം സംശയിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനാ സംഘത്തിൽ സിഐ മാരായ ജോഷി, അബ്ദുൾ റഹ്മാൻ, ജയകുമാർ, ജസ്റ്റിൻ ജോൺ എസ്ഐ സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു, അനിൽ കുമാർ, ദേവപാൽ, ഷാജി, ഗോപൻ, ശരത് എന്നിവരാണ് ഉണ്ടായിരുന്നത്.