തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയി മരത്തിന്റെ മുകളിൽ കയറിയ ഹനുമാൻ കുരങ്ങിനെ താഴെ എത്തിയ്ക്കാൻ പ്രലോഭനശ്രമങ്ങളുമായി മൃഗശാല ജീവനക്കാർ നീക്കം തുടങ്ങി.
കാട്ടുപോത്തിന്റെ കൂടിന് സമീപത്തെ ആഞ്ഞിലി മരത്തിന് മുകളിലാണ് പെണ്‍കുരങ്ങ് കയറിയിരിക്കുന്നത്.ഇണയായ ആണ്‍കുരങ്ങിനെ കാട്ടി മരത്തിന് മുകളിൽ നിന്നും താഴെ എത്തിക്കാനാണ് മൃഗശാല ജീവനക്കാർ ശ്രമിക്കുന്നത്.
ചൊവ്വാഴ്ച്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് പുറത്തു ചാടിയത്. ഇന്നലെ രാവിലെ മൃഗശാല കോംന്പൗണ്ടിലെ മരത്തിന് മുകളിൽ കുരങ്ങിനെ കണ്ടെ ത്തിയെങ്കിലും നിലത്തിറക്കാൻ സാധിച്ചിരുന്നില്ല.
ഇണ മൃഗശാലയിൽ ഉള്ളതിനാൽ കുരങ്ങ് നിലത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലാക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു സിംഹങ്ങളെയും ഒരു ജോഡി കുരങ്ങുകളെയും തലസ്ഥാനത്ത് എത്തിച്ചത്.