കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ നീരസം പ്രകടമാക്കി മുസ് ലിം ലീഗ്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുകയും സംസ്ഥാന സർക്കാറിനെതിരേ ആഞ്ഞടിക്കാൻ അവസരങ്ങൾ തുറന്നുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രൂപംകൊണ്ട പരിധിവിട്ട ഗ്രൂപ്പ് പോര് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
കോൺഗ്രസ് വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ അതൃപ്തി പ്രകടമാണ്. ഇത് തമ്മിലടിക്കേണ്ട സമയമല്ലെന്നാണ് കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതൃത്വത്തെ ഓർമപ്പെടുത്തിയത്.
ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമും നീരസം മറച്ചുവച്ചില്ല. കർണാടകയിലെ വിജയത്തിളക്കം കേരളത്തിൽ ഊർജമാക്കാൻ കഴിയുമായിരുന്ന സാഹചര്യമാണ് തമ്മിലടിയിലൂടെ കോൺഗ്രസ് നേതൃത്വം കളഞ്ഞുകുളിക്കുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന പരിഭവവും ലിഗിനുണ്ട്. ഇനിയും പരസ്യ പ്രസ്താവനകള്‍ തുടരരുതെന്ന ശക്തമായ വികാരം ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായും അറിയുന്നു.