പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ വിരോധത്താല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ഉണ്ടായത് അതിക്രൂര ആക്രമണം. കേസില്‍ രണ്ടു യുവാക്കള്‍ പിടിയിലായി.
കൊടുമണ്‍ ആനന്ദപ്പള്ളി അയ്യപ്പഭവനം വീട്ടില്‍ അയ്യപ്പന് (19), സുഹൃത്ത് മലയാലപ്പുഴ താഴം നിറവേല്‍ പുത്തന്‍ വീട്ടില്‍ റിജുമോന്‍ (20) എന്നിവരെയാണ് കൊടുമണ്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി അയ്യപ്പന് പ്രണയബന്ധത്തിന് ശ്രമിച്ചിരുന്നു.
അതില്‍ നിന്നും പിന്മാറിയ കാരണത്താല്‍ തിങ്കളാഴ്ച വൈകുന്നേരം പന്തളം തെക്കേക്കര ചന്ദ്രവേലിപടിയില്‍ വച്ചാണ് ആക്രമിച്ചത്.
നടന്നുപോയ പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ യുവാക്കള്‍ തടഞ്ഞുനിര്‍ത്തി, അയ്യപ്പന് പെണ്‍കുട്ടിയുടെ കവിളില്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് തോളിലും മുഖത്തും മര്‍ദ്ദിച്ചു.
താഴെ വീണപ്പോള്‍ ഇടതു ചുമലിലും പിടലിക്കും മുഖത്തും ചവിട്ടി. പെണ്‍കുട്ടി നിലവിളിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ കടന്നുകളഞ്ഞ പ്രതികള്‍, തുടര്‍ന്ന് തിരിച്ചെത്തി വീട്ടിലേക്ക് നടന്ന കുട്ടിയെ വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു.
കൈകൊണ്ട് മൂക്കിലിടിക്കുകയും കല്ലെടുത്ത് ഇടത് നെറ്റിയില്‍ ഇടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വലതുകൈ തള്ളവിരലിനും വലതു കൈപ്പത്തിക്കും മുറിവേറ്റു. ചെള്ളക്ക് നീര്‍ക്കോളും സംഭവിച്ചു.
പ്രതികള്‍ക്കെതിരേ ദേഹോപദ്രവത്തിനും മാനഹാനിക്കും ലൈംഗികാതിക്രമത്തിനും പോക്സോ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അടൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷമെടുത്ത മോഷണക്കേസിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.