ഇരിട്ടി: മൈസൂരുവിൽനിന്ന് എംഡിഎംഎയുമായി അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്ന് ഇരിട്ടിയിലെത്തിയ രണ്ടംഗസംഘം അറസ്റ്റിലായി.
നടുവനാട് സ്വദേശി അമൽ ശ്രീധരൻ (25), ഇരിട്ടി കല്ലുമുട്ടി സ്വദേശി ശരത് ദിനേശൻ (32) എന്നിവരാണ് 74 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.
കർണാടകയിലെ രണ്ടും കേരളത്തിലെ മൂന്നും ചെക്ക് പോസ്റ്റുകളും കടന്നെത്തിയ സംഘത്തെ കല്ലുമുട്ടിയിൽ വച്ചാണ് ഇരിട്ടി എസ്ഐ സുനിൽ കുമാറും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച കെഎൽ 78 സി 2950 ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു.
പ്രതികളുടെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ചും ഇവർ ഇതിന് മുൻപും സമാനമായ കുറ്റകൃത്യത്തിൽ അംഗങ്ങൾ ആണോയെന്നും അന്വേഷിച്ചു വരുന്നതായി അന്വേഷണ ചുമതലയുള്ള ഇരിട്ടി സി ഐ കെ.ജെ. വിനോയ് പറഞ്ഞു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂരിൽ സ്കൂളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാണെന്നുള്ള ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പരിശോധന കർശനമാക്കിയത്.