കാട്ടാക്കട : അരിക്കൊന്പൻ പുതിയ ആവാസ വ്യവസ്ഥയിൽ ആകൃഷ്ടനായെന്ന് തമിഴ്നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറയിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പൻ ഇണങ്ങിയെന്നും നല്ല രീതിയിൽ ഭക്ഷണം കണ്ടെത്തുന്നുവെന്നും തമിഴ്നാട് അറിയിച്ചു.
റേഡിയോ കോളർ, കാമറ എന്നിവയിലൂടെയുള്ള അരിക്കൊമ്പന്റെ നിരീക്ഷണം തുടരും.നിലവിൽ അരിക്കൊമ്പൻ ആരോഗ്യവാനാണ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോൾ ഉള്ളത്.
കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. ജലാശയത്തിന് സമീപം കാമറ സ്ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.
ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. തമിഴ്നാട് വനം വകുപ്പ് പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ടു.
ആനയുടെ പുതിയ വീഡിയോ പുറത്തിറങ്ങി.ആന പുല്ല് തിന്നുന്ന ദ്യശ്യമാണ് വീഡിയോയിലുള്ളത്. തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം മേഖലയിൽ തുടരുകയാണ്.
അരിക്കൊന്പൻ ദിനവും 4 മുതൽ 10 കിലോമീറ്റർ വരെ സഞ്ചരിക്കും. ഈ ഭാഗം ആനകളുടെ താവളകേന്ദ്രമാണ്. കൂട്ടമായി എത്തുന്ന മറ്റാനകൾ അരികൊമ്പനെ കൂട്ടാൻ ശ്രമിക്കുന്നില്ല.
അരികൊമ്പനും വലിയ ശ്രദ്ധ അങ്ങോട്ടുകൊടുക്കുന്നില്ലെന്നും വനം വകുപ്പിലെ എലിഫെന്റ് ട്രാക്കേഴ്സ് അംഗം വ്യക്തമാക്കി. ആനയുടെ സഞ്ചാരഗതി ഇവർ പരിശോധിക്കുകയും വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്യുന്നുണ്ട്.
ആനയുടെ വിഷയം കോടതിയുടെ പരിഗണയിൽ ഉള്ളതിനാൽ നിതാന്ത ജാഗ്രതയാണ് വനം വകുപ്പ് പുലർത്തുന്നത്. റേഡിയോ സിഗ്നൽ ഇടയ്ക്കിടയ്ക്ക് പ്രവർത്തിക്കാത്തതു മൂലം ആനയെ ട്രാക്ക് ചെയ്യാൻ കഴിയാത്തതാണ് ഒരു പ്രധാന പ്രശ്നം.