പ്രതാപ്ഗഡ്: ഇന്ത്യയിൽ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും നിയമപരമായി നിരോധനമുണ്ടെങ്കിലും ഇത് നിർബാധം തുടരുന്നുണ്ടെന്ന കാര്യത്തിൽ സംശയം ആർക്കുമില്ല.
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങൾക്കും കലഹങ്ങൾക്കും നാട്ടിൽ തീരെ പഞ്ഞവുമില്ല. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ഉണ്ടായ സ്ത്രീധനകലഹത്തിനിടെ വധുവിന്റെ വീട്ടുകാർ വരനെ മണിക്കൂറുകളോളം മരത്തിൽ കെട്ടിയിട്ടു.
വിവാഹവേദിയിൽ വധുവിനെ വരണമാല്യം അണിയിക്കുന്നതിനു തൊട്ടുമുൻപ് വരൻ അമർജീത്ത് സ്ത്രീധനം ആവശ്യപ്പെട്ടതാണു കലഹത്തിനു കാരണമെന്നു പോലീസ് പറയുന്നു.
പ്രകോപിതരായ വധുവിന്റെ ബന്ധുക്കൾ പ്രതിശ്രുത വരനെ പിടിച്ചു മരത്തിൽ കെട്ടിയിടുകയായിരുന്നു.കലഹം നീണ്ടുനിന്നതിനാൽ മണിക്കൂറുകളോളം യുവാവ് കെട്ടിയിട്ടനിലയിൽ തുടർന്നു.
വരന്റെ സുഹൃത്തുക്കളും പ്രകോപിതരായതോടെ കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്കു നീങ്ങി. ഒടുവിൽ പോലീസ് എത്തിയാണ് യുവാവിനെ മരത്തിൽനിന്നു കെട്ടഴിച്ച് മോചിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.