വെയിൽസ്: ടൂറിസ്റ്റുകൾക്കായുള്ള ഹോട്ടലുകളും റിസോർട്ടുകളും സാധാരണ നിർമിക്കുന്നത് പ്രകൃതിഭംഗിയുള്ള കുന്നിൻ പ്രദേശങ്ങളിലാണ്.
എന്നാൽ, യുകെയിൽ ഒരു ഹോട്ടൽ ഒരുക്കിയിരിക്കുന്നത് 1,375 അടി താഴ്ചയിൽ. വെയിൽസിലെ സ്നോഡോണിയ പർവതനിരകൾക്ക് താഴെ ഉപേക്ഷിക്കപ്പെട്ട ഭൂഗർഭ സ്ലേറ്റ് ഖനിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹോട്ടൽ “ലോകത്തിലെ ഏറ്റവും ആഴമേറിയ ഹോട്ടൽ’ ആയി അറിയപ്പെടുന്നു.
ഈ ഹോട്ടലിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. 45 മിനിറ്റോളം ട്രക്കിംഗ് നടത്തി സ്ലേറ്റ് ഖനിയിൽ എത്തിയശേഷം ഖനിക്കുള്ളിലൂടെ 60 മിനിറ്റോളം വീണ്ടും യാത്ര ചെയ്യണം.
യാത്രക്കാർക്കു പ്രത്യേക ബൂട്ട്, ഹെൽമെറ്റ്, ലൈറ്റ് എന്നിവ ലഭിക്കും. ഗോ ബിലോ എന്ന കമ്പനിയാണ് “ഡീപ് സ്ലീപ്പ് ഹോട്ടൽ’ എന്നു പേരുള്ള ഹോട്ടലിന്റെ ഉടമസ്ഥർ.
നാല് സ്വകാര്യ ട്വിൻ ബെഡ് കാബിനുകളും ഡബിൾ ബെഡ് ഉള്ള ഒരു ഗുഹാമന്ദിരവും ഹോട്ടലിലുണ്ട്. ഒരു സ്വകാര്യ കാബിനിൽ രണ്ടുപേർക്ക് ഒരു രാത്രി കഴിയാൻ ഏകദേശം 36,000 രൂപയും ഗുഹാമന്ദിരത്തിൽ രണ്ടുപേർക്ക് 57,000 രൂപയുമാണ് ചാർജ്. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയാണു പ്രവേശനം.