പയ്യന്നൂര്‍: ബസ് യാത്രയ്ക്കിടയില്‍ നവദമ്പതികളുടെ 16 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ അക്ഷയ് ഹൗസില്‍ മണപ്പാട്ട് ഉണ്ണികൃഷ്ണന്റെ (28) പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ പത്തിനുമിടയിലാണ് സംഭവം. കൊച്ചിയില്‍നിന്നു രാത്രി പത്തരയോടെ പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ ഒന്‍പത്, പത്ത് സീറ്റുകളിലെ യാത്രക്കാരായിരുന്ന നവദമ്പതികളുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
ഇവരിരുന്ന സീറ്റിന് മുകളിലെ ലഗേജ് കാരിയറിലെ കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് 7,20,000 രൂപ വിലമതിക്കുന്ന 16 പവന് സ്വര്ണാഭരണങ്ങളുണ്ടായിരുന്നത്.