സ്വന്തം ലേഖകന്‍
കോട്ടയം: കടുവാക്കുളം പൂവന്തുരുത്തു വ്യവസായ മേഖലയില്‍ ഫാക്ടറിയിലേക്കു കടക്കാന്‍ ശ്രമിച്ചതു തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ചു കൊലപ്പെടുത്തി.
പൂവന്തുരുത്ത് ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന് ളാക്കാട്ടൂര്‍ സ്വദേശി ജോസി(55)നെയാണ് ഇതര സംസ്ഥാന തൊഴിലാളി കമ്പിവടിക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
പൂവന്തുരുത്ത് വ്യവസായ മേഖലയിലെ ഹെവിയ റബര്‍ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോസ്. ഇവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളി കമ്പനിക്കുള്ളില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, മറ്റൊരു കമ്പനിയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഈ കമ്പനിക്കുള്ളില്‍ കയറുന്നത് ജോസ് തടഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇതിനിടെ കൈയില്‍ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് പ്രതി ജോസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംശയം തോന്നി നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ഈസ്റ്റ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.