സ്വന്തം ലേഖകന്‍
അട്ടപ്പാടി: പാലൂരില്‍ ജനവാസമേഖലയിലെത്തിയ കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോകാന്‍ അമ്മയാന എത്തുമെന്ന പ്രതീക്ഷയില്‍ വനപാലകര്‍ കാത്തിരിക്കുന്നു.
ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിലാണ് കുട്ടിയാന ഇപ്പോള്‍ ഉള്ളത്. അമ്മയാനക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയാണ് കുട്ടിയാനയെ നിര്‍ത്തിയിരിക്കുന്നത്.
കുട്ടിയാനയെ ഇനിയും കാട്ടാനക്കൂട്ടം ഒപ്പം കൂട്ടിയില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലൂരിലെ ജനവാസമേഖലയില്‍ കൂട്ടം തെറ്റി കുട്ടിയാന എത്തിചേര്‍ന്നത്. പിന്നാലെ മണിക്കൂറുകള്‍ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. രാവിലെ പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസുള്ള കാട്ടാനക്കുട്ടിയെ കണ്ടത്.
കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയില്‍ സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ നില്‍ക്കുകയായിരുന്നു.നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വെളളവും കരിക്കും ഭക്ഷണങ്ങളുമെല്ലാം മടികൂടാതെ കഴിക്കുന്നുണ്ട് കൃഷ്ണയെന്നാണ് കുട്ടിയാനക്ക് വനപാലകരിട്ടിരിക്കുന്ന പേര്.
കഴിഞ്ഞ ദിവസം രാത്രി കൃഷ്ണക്കരികില്‍ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി.
സാധാരണ കൂട്ടം തെറ്റിയ ആനക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലാണ് ആനക്കൂട്ടം ഒപ്പം കൂട്ടാതിരിക്കാറുള്ളതെന്നും എന്നാല്‍ കുട്ടിയാനക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു.
മറ്റ് വഴികളില്ലെങ്കില്‍ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.