കോഴിക്കോട്: രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) ലയിച്ച ശേഷവും ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) എൽഡിഎഫിൽ തുടരും.
ആർജെഡി കേന്ദ്രത്തിൽ യുപിഎയുടെ ഘടകകക്ഷി ആയതിനാലും കേരളത്തിൽ നിലവിലുള്ള സംസ്ഥാന ഘടകം യുഡിഎഫിന്റെ ഭാഗമായതിനാലും ലയന ശേഷം എൽജെഡി യുഡിഎഫിലെത്തുമെന്ന പ്രചാരണം ശക്തമായിരുന്നു.
ഇതിനെ പാടെ തള്ളുകയാണ് സംസ്ഥാന നേതാക്കൾ. ലയന ശേഷം ഏത് മുന്നണിയുടെ ഭാഗമാകണമെന്നത് സംബന്ധിച്ച് നേരത്തെ ആർജെഡി ചെയർമാനും മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച നടത്തി തീരുമാനത്തിലെത്തിയിരുന്നുവെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ് അറിയിച്ചു.
ആർജെഡിയുമായി യോജിച്ച് പ്രവർത്തിക്കാൻ എൽജെഡി തീരുമാനിച്ചതായി കഴിഞ്ഞ 15നാണ് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ വാർത്താസമ്മേളത്തിൽ അറിയിച്ചിരുന്നത്.
വളരെ കാലമായി ബിജെപിയുടെയും മറ്റു ഫാസിസ്റ്റ് ശക്തികളുടെയും പീഡനങ്ങൾ അനുഭവിച്ചിട്ടും ആർജെഡി ഒരിക്കലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല എന്നതായിരുന്നു ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
കേരളത്തിൽ ജെഡിഎസുമായി ചർച്ച നടത്തിയിരുന്നെങ്കിലും അവരുടെ കേന്ദ്ര നിലപാട് ബിജെപി അനുകൂലമാകുന്ന സാഹചര്യത്തിലാണ് ആ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതിരുന്നതെന്നും ശ്രേയാംസ് പറഞ്ഞിരുന്നു.
എന്നാൽ പാർട്ടി ലയനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന കൗൺസിൽ യോഗമാണ്. ഇത് അടുത്ത 26ന് ശേഷം ചേരുമെന്നും വർഗീസ് ജോർജ് അറിയിച്ചു.