പറവൂർ: ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോട്ടയം നെടുംകുന്നം പാറത്തോട്ടുങ്കൽ പ്രശാന്തിനെ (34) ജീവപര്യന്തം തടവിന് നോർത്ത് പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി വി. ജ്യോതി ശിക്ഷിച്ചു. മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം.
വരാപ്പുഴ മുട്ടിനകത്ത് ഉദയകുമാറിന്റെ മകൾ ശീതളാ(29)ണു കൊല്ലപ്പെട്ടത്. 2017 ഓഗസ്റ്റ്11 നായിരുന്നു സംഭവം. വരാപ്പുഴയിലെ കേബിൾ ടിവി നെറ്റ്വർക്കിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്.
ഇയാൾ ശീതളിന്റെ വീടിന്റെ മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്നു. വിവാഹമോചിതയായ ശീതളിനെ ഇയാൾ സ്നേഹം നടിച്ച് ശല്യപ്പെടുത്തിയിരുന്നു.
സംഭവദിവസം യുവതിയെയും കൂട്ടി ബീച്ചിലെത്തിയ പ്രശാന്ത് വാക്കുതർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി.
ഗുരുതരമായി പരിക്കേറ്റ ശീതൾ ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകൾ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.