കാട്ടാക്കട: അരിക്കൊമ്പൻ കോതയാർ നദിയുടെ വൃഷ്ടിപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ട്. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു.
അരിക്കൊമ്പന്റെ പുതിയ ചിത്രവും ഇവർ പുറത്തുവിട്ടു. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പന്റെ നിരീക്ഷണച്ചുമതല.ഒരു മാസത്തിനിടെ രണ്ട് പ്രാവശ്യം മയക്കുവെടി വച്ച് പിടിച്ച ആന ആരോഗ്യം വീണ്ടെടുത്ത് പുതിയ പരിസ്ഥിതിയുമായി ഇണങ്ങി വരികയാണ്.
കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ വിവിധ ആവാസകേന്ദ്രങ്ങളിൽ കഴിഞ്ഞ 13 ദിവസമായി ആന സഞ്ചരിക്കുന്നുണ്ട്.
ഈ വനങ്ങളിലെ അരുവികളിൽ വളരുന്ന പുല്ലുകളും മറ്റ് ഇഷ്ടച്ചെടികളും ആവശ്യത്തിന് ആന ഭക്ഷിക്കുന്നുണ്ട്. കളക്കാട്, കന്യാകുമാരി ഡിവിഷനുകൾക്ക് കീഴിലുള്ള ഫോറസ്റ്റ് -വൈൽഡ്ലൈഫ് ഓഫീസർമാർ, ഫോറസ്ട്രി ഓഫീസർമാർ, ഫോറസ്റ്റർമാർ, ഫോറസ്റ്റ് കൺസർവേറ്റർമാർ, ആന്റി പോച്ചിംഗ് കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്ന 36 ഉദ്യോഗസ്ഥർ മുതുകുഴിവയലിലും പരിസരത്തും ആനയുടെ സഞ്ചാരവും ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ട്.
അപ്പർ കോതയാർ, കുറ്റിയാർ, മുതുകുഴിവയൽ റിസർവോയറുകളിൽ 16 വീതം കാമറകൾ സ്ഥാപിച്ച് ആനയെ നിരീക്ഷിക്കുന്നുണ്ട്. .