ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ആളെ ആശുപത്രി വരാന്തയില്‍ കിടന്ന നായ കടിച്ചു എന്ന വാര്‍ത്ത പലപ്പോഴായി കേള്‍ക്കാറുണ്ട്.
മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തുന്നവര്‍ക്ക് പട്ടിയെയല്ല പാമ്പിനെയാണ് പേടിക്കേണ്ടത്.
മൂന്നു ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നും 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.
ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്.
വേറെയും പാമ്പുകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ജിക്കല്‍ വാര്‍ഡ് താല്‍ക്കാലികമായി അടച്ചുപൂട്ടി.
ഈ വാര്‍ഡിലുണ്ടായിരുന്നവരെ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിന്‍വശം കാടുപിടിച്ച നിലയിലാണ്.
വരാന്തയിലും പരിസരത്തും നിരവധി മാളങ്ങള്‍ ഉണ്ട്. അടച്ചിട്ടിരിക്കുന്ന ഓപ്പറേഷന് വാര്‍ഡിലും പാമ്പിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു ദ്വാരങ്ങളുള്ള ടൈലുകള്‍ പൊളിച്ച് നീക്കാനും മാളങ്ങള്‍ അടയ്ക്കാനും തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ തളിപ്പറമ്പ് ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചിരുന്നു. മകളുടെ പ്രസവാവശ്യത്തിന് എത്തിയ ചെമ്പേരി സ്വദേശി ലതയ്ക്കാണ് കടിയേറ്റത്.