ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി ഉയർന്നുവന്ന താരമാണ് രശ്മിക മന്ദാന. കർണാടകക്കാരിയായ രശ്മിക തെലുങ്ക് സിനിമകളിലേക്ക് കടന്ന് വന്ന് ഹിറ്റുകളുടെ വലിയൊരു നിര സൃഷ്ടിച്ചു.
എന്നാൽ ഒരു വശത്ത് ആഘോഷിക്കപ്പെടുമ്പോൾ മറുവശത്ത് രശ്മിക കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്.
കന്നഡ സിനിമാ മേഖലയെ രശ്മിക അവഗണിച്ചു എന്ന ആരോപണവും നടിക്ക് നേരിടേണ്ടി വന്നു.
എന്നാൽ രൂക്ഷമായ കുറ്റപ്പെടുത്തലുകൾക്കിടയിലും തന്റെ വിജയഗാഥ തുടരാൻ രശ്മികയ്ക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യ കടന്ന് ഇന്ന് ബോളിവുഡിലും രശ്മിക സാന്നിധ്യം അറിയിക്കുന്നു.
രശ്മികയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. രശ്മികയുടെ മാനേജർ നടിയെ കബളിപ്പിക്കുകയും 80 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
കരിയർ തുടങ്ങിയ കാലം മുതൽ രശ്മികയുടെ ഒപ്പം ഉണ്ടായിരുന്ന മാനേജർ ആയിരുന്നു ഇത്. രശ്മിക അറിയാതെ നടിയുടെ 80 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ രശ്മിക മാനേജരെ ഉടനടി പുറത്താക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. നാല് കോടി രൂപയാണത്രേ ഒരു സിനിമയ്ക്ക് താരം വാങ്ങുന്ന പ്രതിഫലം.
കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന രശ്മിക വിവാദങ്ങളോട് പൊതുവെ പ്രതികരിക്കാറില്ല. കന്നഡ സിനിമാ രംഗം തനിക്കെതിരേ തിരിഞ്ഞപ്പോഴും രശ്മിക സംയമനം പാലിച്ചു.
കാന്താരയിലൂടെ ശ്രദ്ധേയനായ ഋഷഭ് ഷെട്ടി ആദ്യം സംവിധാനം ചെയ്ത കിരിക് പാർട്ടി എന്ന സിനിമയിൽ രശ്മികയായിരുന്നു നായിക. രശ്മികയുടെ ആദ്യ സിനിമായിരുന്നു ഇത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ അരങ്ങേറ്റ സിനിമയെക്കുറിച്ച് പരാമർശിക്കാൻ രശ്മിക തയാറായില്ല. ഇത് ഋഷഭ് ഷെട്ടിയെ ചൊടിപ്പിച്ചു.
ഇദ്ദേഹം പരോക്ഷമായി വിമർശനവും ഉന്നയിച്ചു. പിന്നാലെയാണ് രശ്മികയ്ക്കെതിരേ കന്നഡ സിനിമാ രംഗത്ത് നിന്നും വ്യാപക വിമർശനം ഉയർന്നത്. എന്നാൽ പിന്നീടു രശ്മിക നൽകിയ അഭിമുഖത്തിൽ കിരിക് പാർട്ടിയെക്കുറിച്ച് സംസാരിച്ച് വിവാദം അവസാനിപ്പിച്ചിരുന്നു.