കണ്ണൂർ: നഗരത്തിലെ ലോഡ്ജിൽ വൃദ്ധദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്.
ഇരുവരുടെയും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്നും അസുഖത്തെ തുടർന്ന് മനംനൊന്താണ് മരിക്കുന്നതെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നതെന്നും പോലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെയാണ് മുത്തപ്പൻകാവിന് സമീപത്തെ ലോഡ്ജിൽ കുറുവാ സ്വദേശികളായ പി. രാധാകൃഷ്ണൻ (77), പി.കെ. യമുന (74) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാധാകൃഷ്ണൻ കാൻസർ ബാധിതനായിരുന്നു. യമുനയ്ക്കും നിരവധി അസുഖങ്ങളുണ്ടായിരുന്നു. ഇതിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്.
അസുഖത്തെ തുടർന്ന് ജീവിതം ബുദ്ധിമുട്ടായി തുടങ്ങിയെന്നും കുറിപ്പിൽ പറയുന്നുണ്ട്. പണം കടം വാങ്ങിയവരുടെ പേരും വിവരങ്ങളും അവർക്കു നൽകാനുള്ള പണം വീട്ടിൽ വച്ചിട്ടുള്ളതായും പറയുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മകൾ ഷംനയുടെ കൂടെയെത്തിയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് മകൾ ട്രെയിന് തൃശൂരിലേക്ക് പോകുകയും ചെയ്തു.
വീട്ടിൽനിന്ന് കുറച്ച് ദിവസം മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലോഡ്ജിൽ മുറിയെടുത്ത് നൽകിയതെന്നാണ് മക്കൾ പറയുന്നത്.
വൈകുന്നേരം മകൻ ഷമൽ വന്ന് നോക്കിയപ്പോഴാണ് ഇരുവരെയും അനക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടൻ റിസപ്ഷനിൽ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നാല് വർഷമായുള്ളു രാധാകൃഷ്ണനും കുടുംബവും കുറുവാ പാലത്തിന് സമീപത്ത് താമസമാക്കിയിട്ട്. അയൽവാസികളുമായി ഇവർ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലെന്നു പറയുന്നു.