ചെന്നൈ: ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ മന്ത്രി സെന്തിൽ ബാലാജിയുടെ ആരോഗ്യനില തൃപ്തികരം. ഹൃദയധമനികളിലെ നാലു തടസങ്ങൾ നീക്കിയെന്നും ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും ചെന്നൈ കാവേരി ആശുപത്രി അധികൃതർ പറഞ്ഞു.
ഒരാഴ്ചയോളം മന്ത്രിക്ക് ആശുപത്രിയിൽ തുടരേണ്ടിവരും. സാധാരണജീവിതത്തിലേക്കു മടങ്ങാൻ മൂന്നു മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
സർക്കാർ ജോലിക്കു കോഴ വാങ്ങിയ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനുശേഷമാണു സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയയ്ക്കു വിധേയനായതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇഡിക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. അതേസമയം, നാളെ ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.
മന്ത്രിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ ഇഡി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസിൽ ഇടപെടാൻ വിസമ്മതിച്ചു.
ആരോഗ്യവാനാണെന്നു മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാലേ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിടൂ എന്നും കോടതി വ്യക്തമാക്കി.
ഹർജി ജൂലൈ നാലിനു പരിഗണിക്കാനായി മാറ്റി. മന്ത്രിയുടെ ഭാര്യ മേഘലയുടെ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ചാണ് അടിയന്തര ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ മദ്രാസ് ഹൈക്കോടതി നേരത്തേ ഇടക്കാല ഉത്തരവിട്ടത്.