കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരോട് സ്റ്റേഷനിൽ ഹാജരാകാൻ മേലുകാവ് പോലീസ്. മൂന്നിലവ് പഞ്ചായത്തിലാണു സംഭവം.
“നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം ലോക്കല്‍ സെക്രട്ടറി എം.ആർ. സതീഷാണ് പോലീസില്‍ പരാതി നല്‍കിയത്.
എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ്, കെ. വിദ്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്.
ഗ്രൂപ്പ് അഡ്മിന്മാരായ റിജില്‍, ജോബി എന്നിവരോടും പോസ്റ്റ് ഷെയര്‍ ചെയ്ത ജോണ്സണ് ഡൊമിനിക്കിനോടുമാണ് ഇന്നലെ വൈകിട്ട് അഞ്ചിന് പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചത്.
മൂവരും സ്റ്റേഷനിലെത്തിയെങ്കിലും പരാതിക്കാര്‍ സ്റ്റേഷനില്‍ എത്തിയില്ല. പരാതിക്കാര്‍ സ്റ്റേഷനില്‍ എത്താത്തിനെത്തുടര്‍ന്ന് വൈകിട്ടോടെ പരാതി ജില്ലാ പോലീസ് ചീഫിനു കൈമാറി.
അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുളള സിപിഎമ്മിന്റെ കടന്നുകയറ്റത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
അതേസമയം പ്രാദേശിക സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ സിപിഎം മൂന്നിലവ് ലോക്കല്‍ കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.