ബോസ്റ്റൺ: ഒരു നൂറ്റാണ്ട് പിന്നിട്ട ടൈറ്റാനിക് ദുരന്തത്തോട് ചേർത്തുവയ്ക്കാൻ ഹൃദയമുലയ്ക്കുന്ന മറ്റൊരു ദുരന്തം കൂടി.
അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ജലപേടകമായ ടൈറ്റനില്‍ പോയ അഞ്ച് പേരും മരിച്ചെന്നു സ്ഥിരീകരണമായി.
ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെ പേടകത്തിന്റെ യന്ത്രഭാഗങ്ങളുടെ അവശിഷ്ടം കണ്ടെത്തിയതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു.
ശ്വാസമടക്കിപ്പിടിച്ച് ലോകം കാത്തിരുന്നതും വൻസന്നാഹങ്ങളോടെയുള്ള തെരച്ചിലും വിഫലം.കടലിനടിയിലെ മർദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
പേടകത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനാകുമോയെന്നു പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ്-പാക്കിസ്ഥാനി ബിസിനസുകാരന് ഷെഹ്സദ ദാവൂദ്, മകന് സുലേമോന്, ടൈറ്റന് ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
സമാനതകളില്ലാത്ത രക്ഷാദൗത്യം
ഞായറാഴ്ച ഉച്ചയ്ക്കാണ് കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാന്‍ അഞ്ചു പേരുമായി ടൈറ്റന് ജലപേടകം കടലിനടിയിലേക്ക് പോയത്. പുറപ്പെട്ട് ഒരുമണിക്കൂര്‍ 45 മിനിറ്റിനകം മദര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
അഞ്ചു യാത്രക്കാർക്ക് 96 മണിക്കൂർ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിലുണ്ടായിരുന്നത്. പേടകത്തിലെ ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകൾക്കിടയിലും സമാനകളില്ലാത്ത രക്ഷാദൗത്യമാണു നടത്തിയത്.
അമേരിക്കയും കാനഡയും ഫ്രാൻസും ബ്രിട്ടനും എല്ലാം ഇതിൽ പങ്കാളികളായി. വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും 17,000 ചതുരശ്ര കിലോമീറ്ററിൽ പരതി.
ടൈറ്റനിൽനിന്നെന്ന് സംശയിക്കുന്ന സിഗ്നലുകൾ കനേഡിയൻ വിമാനത്തിന് ലഭിച്ചതായി വിവരമെത്തിയത് പ്രതീക്ഷ കൂട്ടിയിരുന്നു.
പക്ഷേ പ്രതീക്ഷകളെല്ലാം വിഫലമാക്കി ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനി പേടകം തകർന്നെന്നു സ്ഥിരീകരിച്ചു.
തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉൾപ്പെടെ പേടകത്തിലെ അഞ്ചു യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു.