തിരുവനന്തപുരം: കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള നീക്കത്തിനിടെ കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാനുള്ള നീക്കവുമായി മിൽമ.
ഔട്ട്ലെറ്റുകളിലൂടെ പാല് വില്‍ക്കില്ലെന്നും പകരം പാല് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനമെന്നും ഇതിനെ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്നും മില്‍മ ചെയര്മാന് കെ.എസ്. മണി പറയുന്നു.
കർണാടകത്തിൽ പ്രധാനമായും ബംഗളൂരു ഉൾപ്പെടെ മൂന്നു സ്ഥലങ്ങളിൽ ഔട്ട്ലെറ്റുകള് തുറക്കാനുള്ള ആലോചനയിലാണ് മിൽമ.
മാസങ്ങൾക്കു മുന്‍പ് തന്നെ ഇതിനുള്ള സാധ്യത മിൽമ ആരാഞ്ഞിരുന്നുവെന്നും ഇതിനെ കേരളത്തിൽ നന്ദിനി പാൽ വിൽക്കുന്നതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നുമാണ് കെ.എസ്. മണി പറയുന്നത്.
കേരളത്തിൽ നന്ദിനി പാൽ വിൽക്കാനുള്ള നീക്കവുമായി കർണാടക മിൽക്ക് ഫെഡറേഷൻ മുന്നോട്ടുപോയാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് പുറമേ കർണാടകയിലെ കർഷകരിൽ നിന്ന് പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് നേരത്തെ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ പറഞ്ഞിരുന്നു.
കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ നന്ദിനി പാൽ കേരളത്തിൽ 6 ഔട്ലറ്റുകൾ തുടങ്ങിയിട്ടുണ്ട്. മൂന്ന് ഔട്ലറ്റുകൾ കൂടി ഉടൻ ആരംഭിക്കാനാണ് തീരുമാനം.