കൊച്ചി: മോന്സൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ കൂട്ടാളിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
സുധാകരനെ മോന്സന് പരിചയപ്പെടുത്തിയ എബിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. കേസിന്റെ വിവിധഘട്ടങ്ങളില്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എബിന് ഇപ്പോള്‍ ഒളിവിലാണ്. എബിനുമായി മോന്സണ് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്.
പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച എബിന്റെ ചിത്രങ്ങളും ഫോണ്‍ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. എബിനെ ചോദ്യം ചെയ്ത ശേഷം സുധാകരനെ വീണ്ടും വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
സുധാകരനെ ചോദ്യം
ചെയ്തത് ഏഴര മണിക്കൂര്‍
കേസിലെ രണ്ടാംപ്രതിയായ സുധാകരനെ ഇന്നലെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തത് ഏഴര മണിക്കൂറാണ്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം പ്രത്യേകം തയാറാക്കിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പോലീസ് സുധാകരനില്‍നിന്നും തേടിയത്.
ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു, ഡിവൈഎസ്പി റസ്റ്റം എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണ സംഘം ഹൈക്കോടതി ഇടക്കാലജാമ്യ ഉത്തരവ് പ്രകാരം രണ്ട് ആള് ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലും സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു.
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടിയുടെ അധ്യക്ഷനെ സംസ്ഥാനത്ത് ആദ്യമായാണ് അറസ്റ്റ് ചെയ്യുന്നത്. ഐപിസി 420 സാമ്പത്തിക തട്ടിപ്പ്, ഐപിസി 468 ചതിക്കാനായി വ്യാജരേഖകള്‍ ചമയ്ക്കുക, ഐപിസി 471 വ്യാജരേഖ അസല്‍ രേഖയായി കാണിച്ച് ചതിക്കുക തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനുമേല്‍ ചുമത്തിയിരിക്കുന്നത്.
കേസില്‍ അറസ്റ്റ് മുന്‍കൂട്ടിക്കണ്ട കോണ്‍ഗ്രസ് നേതൃത്വം ആള്ജാമ്യത്തിന് രണ്ടുപേരെയും ബോണ്ടിനുള്ള പണവും കരുതിയിരുന്നു.
സുധാകരന്റെ അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. പരാതിക്കാരന് മോന്സന് കൈമാറിയ പണത്തില്‍ നിന്നും സുധാകരന് 10 ലക്ഷം രൂപ വാങ്ങിയതിന് കൃത്യമായ തെളിവുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
സുധാകരന് അന്വേഷണസംഘത്തോട് പറഞ്ഞത്
കേസിനാസ്പദമായ പണമിടപാട് നടന്ന ദിവസം കലൂരിലെ മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ പണമിടപാട് ഇവിടെ നടക്കുന്നതായി അറിഞ്ഞിരുന്നില്ല. പരാതിക്കാരെ കണ്ട് പരിചയമുണ്ട്.
2016 മുതല്‍ മോന്സന് അറസ്റ്റിലാകുന്നതുവരെ 15 തവണയോളം മോന്‍സനെ സന്ദര്‍ശിച്ചിട്ടുണ്ട്. താന്‍ കെപിസിസി പ്രസിഡന്റ് ആയതിന് പിന്നാലെ മോന്സൻ തന്നെ ഇന്ദിരാഭവനില്‍ നേരിട്ടെത്തിയിരുന്നു.
ഇയാളുമായി സാമ്പത്തിക ഇടപാടുകളില്ലായിരുന്നു. പരാതിക്കാര്‍ മോന്സന് കൈമാറിയ പണത്തില്‍നിന്നു 10 ലക്ഷം രൂപ വാങ്ങിയില്ലെന്ന മൊഴിയും സുധാകരന് ഇന്നലെ ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം വിയ്യൂര്‍ ജയിലിലെത്തി ക്രൈംബ്രാഞ്ച് മോന്‍സനില്‍നിന്ന് ശേഖരിച്ച തെളിവുകളിന്മേലും സുധാകരനോട് വിവരങ്ങള്‍ തേടി.
കോണ്‍ഗ്രസ് കരിദിനം
സുധാകരനെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നും നാളെയും കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്.