കോടതി വിധിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് സിഐടിയു ! സര്‍വീസ് പുനരാരംഭിക്കാന്‍ എത്തിയ ബസുടമയെ കയ്യേറ്റം ചെയ്തു

സിഐടിയുക്കാര്‍ സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസുടമയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം.

വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്‍. അജയനാണു കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം.

ഉടന്‍ പോലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്‌മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം.

ബസ് സര്‍വീസ് പോലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.

തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു ബസിനു മുന്നില്‍ കൊടികുത്തിയത്. കഴിഞ്ഞ ദിവസം രാജ്മോഹന്‍ ബസിനു മുന്നില്‍ പ്രതീകാത്മകമായി ലോട്ടറിക്കച്ചവടം നടത്തിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു.

Related posts

Leave a Comment