ആലപ്പുഴ: എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് എംകോം പ്രവേശത്തിനായി കോളജിൽ സമർപ്പിച്ച വ്യാജ ബിരുദ സർട്ടഫിക്കറ്റുകൾ നിഖിലിന്റെ വീട്ടിൽ നിന്നു പോലീസ് കണ്ടെടുത്തു. കായംകുളം മാർക്കറ്റിനു സമീപത്തെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.
കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയത്. ബികോം (ബാങ്കിംഗ് ആൻഡ് ഫിനാൻസ്) എന്നു രേഖപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റിനൊപ്പം മൂന്നു വർഷത്തെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടഫിക്കറ്റ് തുടങ്ങിയവയുമുണ്ടായിരുന്നു. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് മാർക്ക് ലിസ്റ്റ്.
നിഖിലിന്റെ മുറിയിലെ അലമാരയിലായിരുന്നു സർട്ടിഫിക്കറ്റുകൾ. പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ല. നിഖിലിന്റെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. അതേസമയം, വ്യാജ രേഖ ചമച്ച കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഇന്ന് തെളിവെടുത്തേക്കും.
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ശനിയാഴ്ച പുലർച്ചെയാണ് ഇന്നലെ പോലീസ് പിടികൂടിയത്. വ്യാജ സർട്ടിഫിക്കറ്റ് റെഡിയാക്കി തന്നതിന് മുൻ എസ്എഫ് ഐ നേതാവ് അബിൻ സി. രാജുവിന് രണ്ടു ലക്ഷം രൂപയും നൽകിയതായി നിഖിൽ മൊഴി നൽകിയിരുന്നു. അബിന്റെ അമ്മയുടെ അക്കൗണ്ട് വഴിയായിരുന്നു പണം കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, നിഖിലിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായില്ല. ഒളിവിൽ കഴിഞ്ഞപ്പോൾ കൈയിലെ പണം മുഴുവൻ തീർന്നെന്നും മൊബൈൽ ഫോൺ ഓടയിൽ എറിഞ്ഞെന്നുമാണ് നിഖിൽ പറയുന്നത്.