എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റേതിനു സമാനമായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത് നിരവധി പേരെന്ന് സൂചന.
നിഖിലിന്റെ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്ത ‘കലിംഗ’ ബിരുദധാരികളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ അറസ്റ്റിന് പിന്നാലെ പ്രദേശത്തെ മറ്റു ചില നേതാക്കളെക്കുറിച്ചും ആക്ഷേപം ഉയരുകയാണ്.
നിഖില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച കാലത്ത് തന്നെയാണ് ഇവര്‍ പലരും ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയില്‍നിന്ന് ബിരുദധാരികളായത്.
സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെക്കുറിച്ചുള്ള സൂചനകള്‍ പാര്‍ട്ടിയിലെ എതിര്‍ചേരിയാണ് പുറത്തുവിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് തമ്മില്‍ ബന്ധം ഉണ്ടെന്ന് സംശയം ഉണ്ടെങ്കിലും പരാതികള്‍ ഇല്ലാത്തതിനാല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടില്ല.
ഇതിന് പിന്നില്‍ ആരാണ് എന്നതിനെക്കുറിച്ചും ഇപ്പോള്‍ സൂചനകള്‍ ഇല്ല. മേഖലയിലെ നേതാക്കളില്‍ പലരും തങ്ങളുടെ പ്രൊഫൈലുകള്‍ എഡിറ്റ് ചെയ്തുകഴിഞ്ഞു.
പിടിയിലായ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് തന്ററെ കലിംഗബിരുദം സ്വന്തമാക്കിയ കാലത്തു തന്നെയാണ് ഇവരില്‍ പലരും എല്‍എല്‍ബിയും ഡിഗ്രിയും ബിരുദാനന്തരബിരുദവും സ്വന്തമാക്കിയത്.
ചിലര്‍ക്ക് സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയില്‍ ജോലിയുമുണ്ട്. പ്രദേശത്ത് പലരും നിഖിലിനെപ്പോലെ പണം നല്കി കലിംഗയില്‍ നിന്ന് ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
നിഖിലിന് വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്കിയ മുന്‍ എസ്എഫ്ഐ നേതാവ് മാലിയില്‍ അദ്ധ്യാപകനായ അബിന്‍ സി രാജ് മുഖേനയാണോ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത് എന്ന സംശയം ഉയരുന്നുണ്ട്.
കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി വിദേശത്ത് പോയവരും നിരവധിയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘത്തില്‍ നിന്ന് കായംകുളത്തും പരിസരത്തുമുള്ള നിരവധിപേര്‍ ബിരുദസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ പ്രാദേശിക സൈബര്‍ ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ച.
വ്യാജസര്‍ട്ടിഫിക്കറ്റു നല്കി ചതിച്ചുവെന്ന് നിഖില്‍ തോമസ് പറയുന്ന അബിന്‍ സി രാജിനെ ചോദ്യം ചെയ്യുമ്പോള്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.