മുംബൈ: സഞ്ജു സാംസണ് ഇതുവരെ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചു ബോധവാനായതായി തോന്നുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രവി ശാസ്ത്രി.
സഞ്ജുവിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിൽ നിരാശ പ്രകടിപ്പിച്ച ശാസ്ത്രി, കരിയർ അവസാനിപ്പിക്കും മുന്പു മികച്ച കളിക്കാരനെന്ന നിലയിൽ സഞ്ജു പേരെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പ്രത്യാശ പ്രകടിപ്പിച്ചു.
‘സഞ്ജു ഒരു മാച്ച് വിന്നറാണ്. എന്നാൽ, അദ്ദേഹം ഇതുവരെ തന്റെ കഴിവിന്റെ ആഴം തിരിച്ചറിഞ്ഞിട്ടില്ല. എന്തൊക്കെയോ അദ്ദേഹത്തിന്റെ കാര്യത്തിൽ ശരിയാകുന്നില്ല.
ഞാൻ പരിശീലകനായിരുന്നപ്പോൾ രോഹിത് ശർമ ടീമിലില്ലായിരുന്നെങ്കിൽ അത് എന്നെ നിരാശപ്പെടുത്തിയേനെ. സഞ്ജുവിന്റെ കാര്യത്തിലും എനിക്കു സമാനമായ തോന്നലാണുള്ളത്’- ശാസ്ത്രി പറഞ്ഞു.
വെസ്റ്റ്ഇൻഡീസിനെതിരായ പരന്പരയ്ക്കുള്ള ഏകദിന ടീമിൽ സഞ്ജു ഇടംപിടിച്ചതിനു പിന്നാലെയാണു മുൻ പരിശീലകന്റെ പ്രസ്താവന. വിക്കറ്റ് കീപ്പറെന്ന നിലയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത് ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെടാനുള്ള സാധ്യതയായും വിലയിരുത്തപ്പെടുന്നു.
‘പാണ്ഡ്യക്കു ടെസ്റ്റ് പറ്റില്ല’
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാൻ സാധ്യത കുറവാണെന്നു രവി ശാസ്ത്രി. താരത്തിന്റെ തുടർ പരിക്കുകളാണ് ഇതിനു കാരണമായി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നത്. പാണ്ഡ്യ ഏകദിനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ആവശ്യപ്പെട്ട ശാസ്ത്രി, ഏകദിന ലോകകപ്പിനുശേഷം പാണ്ഡ്യക്കു നായകസ്ഥാനം കൈമാറണമെന്നും ആവശ്യപ്പെട്ടു.