സോൾ: ദക്ഷിണ കൊറിയക്കാരുടെ പ്രായം ഇന്നുമുതൽ രണ്ട് വയസുവരെ കുറയും. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച് ലോകമെമ്പാടുള്ള പൊതുരീതി ദക്ഷിണ കൊറിയ ഇന്നുമുതൽ സ്വീകരിക്കുന്നതോടെയാണു കൗതുകകരമായ ഈ വ്യത്യാസം.
ഇതുവരെ പിന്തുടർന്ന രീതിയനുസരിച്ച് ജനിച്ചു വീഴുന്ന കുഞ്ഞിന് ഒരു വയസാണ് പ്രായം. അടുത്ത ജനുവരി ഒന്നിന് അടുത്ത വയസ് തികയും.
ഡിസംബർ 31നാണ് കുഞ്ഞ് ജനിക്കുന്നതെങ്കിൽ പിറ്റേദിവസമായ ജനുവരി ഒന്നിന് കുഞ്ഞിന് രണ്ടു വയസാകും. എന്നാൽ, പൊതുരീതി സ്വീകരിക്കുമ്പോൾ ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും എന്ന രീതിയിലേക്ക് കൊറിയയും മാറും.
ഇതോടെ എല്ലാ കൊറിയക്കാരുടേയും പ്രായം രണ്ട് വയസ് വരെ കുറയും. പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികൾമൂലമുള്ള നിയമപരവും സാമൂഹികവുമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനും അനാവശ്യ സാമൂഹിക സാമ്പത്തിക ചെലവുകൾ കുറയ്ക്കാനുമാണ് പരിഷ്കരണംകൊണ്ട് ലക്ഷ്യമിടുന്നത്.
പൊതുജനാഭിപ്രായത്തിന്റെ പിൻബലത്തിൽ പ്രസിഡന്റ് യൂൻ സുക് യോൾ നൽകിയ പ്രചാരണ വാഗ്ദാനമാണ് സർക്കാർ നിറവേറ്റുന്നത്. ഉത്തര കൊറിയ 1985 മുതൽ പൊതുരീതിയാണ് പിന്തുടരുന്നത്.