കൊച്ചി നഗരസഭയുടെ കീഴിലുള്ള പ്രവര്‍ത്തനരഹിതമായ ഏഴ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ വന്‍ വായ്പാത്തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍.
ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. കൗണ്‍സിലര്‍മാരുടെയും എ.ഡി.എസിന്റെയും സി.ഡി.എസ് ഉദ്യോഗസ്ഥരുടെയും മെമ്പര്‍ സെക്രട്ടറിയുടെയും ശുപാര്‍ശക്കത്ത് ലഭിച്ചശേഷമാണ് ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പനല്കുന്നത്.
എന്നാല്‍ പല ഡിവിഷനുകളിലും കൗണ്‍സിലര്‍മാരോ എ.ഡി.എസോ അറിയാതെ പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടം യൂണിറ്റുകളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്.
20 ലക്ഷം രൂപവരെയാണ് ബാങ്കുകള്‍ ലിങ്കേജ് വായ്പ നല്‍കുന്നത്. ഒരു ഡിവിഷനില്‍മാത്രം നൂറോളം അയല്‍ക്കൂട്ട ഗ്രൂപ്പുകളുണ്ട്.
പള്ളുരുത്തി മേഖലയിലെ ചില ഡിവിഷനിലെ നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
അയല്‍ക്കൂട്ടങ്ങള്‍ക്ക് സി.ഡി.എസ് പ്രസിഡന്റിന്റെ മാത്രം ശുപാര്ശക്കത്തോടുകൂടിയും ബാങ്കുകള്‍ ലിങ്കേജ് വായ്പകള്‍ നല്‍കുന്നുണ്ട്.
തട്ടിപ്പിനെതിരെ വിജിലന്‍സിനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷം. അതേസമയം സി.ഡി.എസ് പ്രസിഡന്റിന്റെയും മെമ്പര്‍ സെക്രട്ടറിയുടെയും ഡിവിഷന് കൗണ്‍സിലറുടെയും വ്യാജ ഒപ്പും സീലും നിര്‍മ്മിച്ചാണ് ലോണ്‍ എടുത്തിരിക്കുന്നതെന്ന് കൊച്ചി വെസ്റ്റ് സി.ഡി.എസ് പ്രസിഡന്റ് നബീസ ലത്തീഫ് പറഞ്ഞു.
സംഭവത്തില്‍ വന്റാക്കറ്റുകളുടെ ഇടപെടലുണ്ടെന്നാണ് സൂചന. കൗണ്‍സിലര്‍മാരായ വി.എ. ശ്രീജിത്ത്, പി.എസ്. വിജു എന്നിവര്‍ കമ്മീഷണര്‍ക്ക് പരാതി നല്കി.
അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും സീലും ഒപ്പും തട്ടിപ്പിന് വ്യാജമായി തയ്യാറാക്കിയെന്നാണ് പരാതി.