വർക്കല: മകളുടെ വിവാഹത്തിനായി വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് അച്ഛന്റെ മൃതശരീരമെത്തിച്ചപ്പോൾ, അതുവരെ ശോകമൂകമായിരുന്ന വീട്ടിൽനിന്ന് അലമുറ ഉയർന്നു.
തലേന്ന ത്തെ ആഘോഷ രാവിൽ രാജുവിനെ സന്തോഷം അറിയിച്ച് മടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കുന്പോൾ വിതുന്പി നിന്നു.
മകളുടെ കൈപിടിച്ച് കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്ന നിമിഷം സ്വപ്നം കണ്ട് ഓടിനടന്ന രാജുവിന്റെ വേർപാട് അവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.
രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം രാജുവിന്റെ വീട്ടിലെത്തിയിരുന്നത്.
മണിക്കൂറുകൾക്കകമാണ് അക്രമികളായ ജിഷ്ണുവും സംഘവും സന്തോഷം നിറഞ്ഞ അന്തരീക്ഷത്തെ ഭീതിജനകമാക്കി അവിടം മരണവീടാക്കി മാറ്റിയത്.
കഴിഞ്ഞ ദിവസം വരെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയ പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
ദീർഘകാലം വിദേശത്തായിരുന്ന രാജു പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തി വന്നിരുന്നത്. പ്രതി ജിഷ്ണുവും സംഘവും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു.
കനത്ത ശിക്ഷ കുറ്റവാളികൾക്ക് വാങ്ങിക്കൊടുക്കാൻ പോലീസ് അധികൃതരും ജനപ്രതിനിധികളും തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികൾ കുറ്റം സമ്മതിച്ചെന്ന് ജില്ലാ പോലീസ് മേധാവി
രാജുവിന്റെ കൊലപാതകത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ വ്യക്തമാക്കി.
ജിഷ്ണുവിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ വിരോധമാണ് രാജുവിന്റെ കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും റൂറൽ എസ്പി പറഞ്ഞു.
പ്രതികളുടെ ക്രിമിനൽ ബന്ധങ്ങളെക്കുറിച്ചും ലഹരിബന്ധത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും എസ്പി കൂട്ടിച്ചേ ർത്തു.