ഷൈബിന് ജോസഫ്
കാഞ്ഞങ്ങാട്: യുകെയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്ത് ‘വിലപിടിപ്പുള്ള സമ്മാനം’ അയച്ചപ്പോള്‍ കാഞ്ഞങ്ങാട്ടെ ഒരു ബേക്കറി സ്ഥാപനത്തിലെ അക്കൗണ്ടന്റായ മുപ്പത്തൊമ്പതുകാരിക്ക് നഷ്ടമായത് 8,01,400 രൂപ ! അഞ്ചുമാസം മുമ്പാണ് യുവതിക്ക് ഡോ.കെന്നഡി നിക്ക് മൂര്‍സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നത്.
പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ ജര്‍മനിയിലെ ബര്‍ലിന്‍ സ്വദേശിയാണെന്നും യുകെയിലെ ബര്‍മിങ്ഹാമില്‍ ജോലി ചെയ്യുകയാണെന്നും കണ്ടു. ഇയാളെ ഫേസ്ബുക്ക് ഫ്രണ്ട് ആക്കിയെങ്കിലും ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
രണ്ടാഴ്ച മുമ്പാണ് ഈ ഐഡിയില്‍ നിന്ന് ഒരു ‘ഹായ് ’ മെസേജ് വരുന്നത്. യുവതി മറുപടിയും നല്കി. പിന്നീട് കൂടുതൽ അന്വേഷണങ്ങളും തുടങ്ങി. പിന്നീട് വിലപിടിപ്പുള്ള ഒരു സമ്മാനം വാങ്ങിയിട്ടുണ്ടെന്നും അതു നൽകാനെന്നും പറഞ്ഞ് യുവതിയുടെ മേല്‍വിലാസം ആവശ്യപ്പെട്ടു.
രണ്ടുദിവസത്തിനുശേഷമാണ് യുവതിക്ക് പെര്‍ഫെക്ട് കാര്‍ഗോ എന്ന കൊറിയര്‍ കമ്പനിയില്‍ നിന്ന് 25,400 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഫോൺ വന്നത്. ആപ്പിള്‍ ഐഫോണ്‍ ആണ് സമ്മാനമായി അയച്ചിരിക്കുന്നത് എന്നും കൊറിയർ കമ്പനി പറഞ്ഞു. ഇതു വിശ്വസിച്ച യുവതി ജൂണ്‍ 17ന് ജിതേന്ദ്ര എന്നയാളുടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് തുക അയച്ചുകൊടുത്തു.
പിറ്റേന്ന് വീണ്ടും യുവതിയെ ‘കൊറിയര്‍ കമ്പനി’ ബന്ധപ്പെട്ടു. ഐഫോണ്‍ പായ്ക്കറ്റിനകത്ത് 40,000 പൗണ്ട് (ഏകദേശം 40 ലക്ഷം രൂപ) രഹസ്യമായി വച്ചിരുന്നതായും ഇതിപ്പോള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശമാണുള്ളതെന്നുമാണ് അവര്‍ പറഞ്ഞത്.
പണം തിരിച്ചുകിട്ടാനുള്ള കോടതി ഉത്തരവ് ലഭിക്കാനും പണം ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റാനുമായി 87,000 രൂപ അയച്ചുതരാനും അവര്‍ ആവശ്യപ്പെട്ടു. ചതിയില്‍പ്പെട്ട യുവതി 87,000 രൂപ അടച്ചു.എന്നാല്‍ അതുകൊണ്ടും തട്ടിപ്പ് അവസാനിച്ചില്ല.
പിറ്റേന്ന് വീണ്ടും ‘കൊറിയര്‍ കമ്പനി’യില്‍ നിന്ന് വിളിച്ചു. പണം യുവതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെങ്കില്‍ എന്‍ഒസി ആവശ്യമുണ്ടെന്നും അതിന് 2.17 ലക്ഷം രൂപ അടയ്ക്കണമെന്നുമായിരുന്നു ആവശ്യം. അത്രയും പണം യുവതിയുടെ കൈവശമുണ്ടായിരുന്നില്ല.
ഒടുവില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയംവച്ചും ബന്ധുക്കളുടെ കൈയില്‍ നിന്നു കടം വാങ്ങിയും പണം ജൂണ്‍ 23ന് യുവതി അക്കൗണ്ടില്‍ ഇട്ടുകൊടുത്തു. അധികം വൈകാതെ വീണ്ടും 4.73 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഫോണ്‍വിളിയെത്തി.
പണം കൊറിയര്‍ ആയി അയയ്ക്കുന്നതിലെ നിയമപ്രശ്നം പരിഹരിക്കാനാണ് ഈ തുകയെന്നും അഞ്ചുമണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ 40 ലക്ഷം രൂപയെത്തുമെന്നുമാണ് പറഞ്ഞത്. കൂടാതെ ഇതുവരെ വാങ്ങിച്ച മുഴുവന്‍ പണവും ഇതിനൊപ്പം തിരികെ നല്‍കുമെന്നും അറിയിച്ചു.
ഏതാനും മണിക്കൂര്‍ നേരത്തേക്കെന്നു പറഞ്ഞ് വീണ്ടും ബന്ധുക്കളോടു പണം കടം വാങ്ങി യുവതി ജൂണ്‍ 26ന് ഈ തുകയടച്ചു. പണത്തിനായി കാത്തിരുന്ന യുവതിയോട് ഇന്നു ബാങ്ക് പ്രവൃത്തിസമയം കഴിഞ്ഞതായും 27നു രാവിലെ 11നു പണം നല്‍കാമെന്നും കൊറിയര്‍ കമ്പനി പറഞ്ഞു.
പിറ്റേന്ന് പണത്തിനായി കാത്തിരുന്ന യുവതിയോട് വീണ്ടും 67,000 രൂപ കൂടി ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതോടെയാണ് താൻ ചതിക്കപ്പെട്ടതായി യുവതി ഉറപ്പിച്ചത്.