കോട്ടയം: സാധാരണക്കാരുടെ കുടുംബ ബജറ്റ് തകര്‍ത്ത് പച്ചക്കറി വില കുതിക്കുന്നു. പച്ചമുളക്, തക്കാളി, ഇഞ്ചി എന്നിവയുടെ വില നൂറിനു മുകളിലാണ്.
മറ്റു പച്ചക്കറികള്‍ക്കാകട്ടെ ഒരാഴ്ച കൊണ്ട് 20 രൂപ മുതല്‍ 40 രൂപ വരെ വില വര്‍ധിച്ചു. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 50 രൂപ വരെ വില വര്‍ധിച്ചാണ് തക്കാളി വില 140 രൂപയിലെത്തിയത്.
100 രൂപയില്‍ താഴെയായിരുന്ന പച്ചമുളകിന്റെ വില 120 രൂപയിലേക്ക് ഉയര്‍ന്നു. ആഴ്ചകളായി ഇഞ്ചി വില 240 രൂപയായി തുടരുകയാണ്. മഴയും ഉത്പാദനക്കുറവുമാണു വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
മഴയെത്തിയതോടെ കഴിഞ്ഞ മാസം 140 രൂപ വരെയായി ഉയര്‍ന്ന നാരങ്ങയുടെ വില 50 രൂപയിലേക്ക് കൂപ്പുകുത്തി. പച്ചക്കറി ചന്തയില്‍ വിലകുറഞ്ഞ ഏകയിനവും ഇപ്പോള്‍ നാരങ്ങയാണ്.
കമ്പം, മൈസൂര്‍, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണു പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥ വ്യതിയാനം കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നു വ്യാപാരികള്‍ പറയുന്നു.
പോത്ത് 400-ൽ എത്തി,കോഴിവില കുറയുന്നില്ല
പച്ചക്കറിക്കും മീനിനും ഒപ്പം മാംസത്തിനും വിലയേറി. ഒരുകിലോ പോത്തിറച്ചിയുടെ വില 400 എത്തി. ചിലയിടങ്ങളില്‍ ഇപ്പോഴും 380 രൂപയ്ക്ക് നല്കുന്നവരുണ്ട്. പന്നിയിറച്ചിക്ക് 280 രൂപയാണ്.
അടുത്ത ആഘോഷ സീസണില്‍ വില 300 എത്തുമെന്നാണു വ്യാപാരികള്‍ പറയുന്നത്. ആട്ടിറച്ചിക്ക് കിലോയ്ക്ക് 750 രൂപയാണു വില. ചിക്കന്റെ വില കാര്യമായി താഴ്ന്നിട്ടില്ല. 148 രൂപയാണ് ഇന്നലത്തെ വില. മുട്ടയുടെ വിലയും ഉയര്‍ന്നു. കോഴിമുട്ടയ്ക്ക് 6.40 മുതല്‍ 7.50 വരെയാണ്.
മീന്‍ കിട്ടാനില്ല, വളര്‍ത്തുമത്സ്യങ്ങള്‍ക്കും വിലയേറി
ട്രോളിംഗ് നിരോധനം നല്ല മത്സ്യങ്ങള്‍ കിട്ടാതായിരിക്കുകയാണ്. വള്ളത്തില്‍പോയി മീന്‍ പിടിക്കുന്നവരുടെ മീന്‍ മാത്രമാണു വിപണിയിലെത്തുന്നത്. മത്തിക്ക് 240 രൂപയാണ് വില.
ട്രോളിംഗിനു മുമ്പ് 150ല്‍ താഴെയുണ്ടായിരുന്ന മത്തിക്കാണ് ഈ വില വര്‍ധനവ്. കൊഴുവയ്ക്ക് 160 രൂപയാണു വില. കൊച്ചു ചൂര 240 രൂപയ്ക്കാണു വില്‍ക്കുന്നത്.
ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ വിപണിയില്‍ മീനുകളുടെ വരവ് കുറഞ്ഞു. ഇതോടെ വളര്‍ത്തു മത്സ്യങ്ങള്‍ക്ക് ഡിമാൻന്റ് ഏറി. തിലോപ്പി 220 രൂപയ്ക്കാണ് വില്പന.
കൂടാതെ ആറുകളിലും കൈത്തോടുകളിലും പുല്ലന് മീനിന്റെ സീസണാണിപ്പോള്‍ 100 മുതല്‍ 120 രൂപായ്ക്കു വരെയാണ് പുല്ലന് വില്‍ക്കുന്നത്. ഉണക്ക മത്സ്യത്തിന്റെയും വില വര്‍ധിപ്പിച്ചു.
ഇതിനിടിയല്‍ കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധയില്‍ ജില്ലയില്‍ വ്യാപകമായി പഴകിയ മത്സ്യം പിടികൂടിയിരുന്നു.
- കോട്ടയത്തെ വിലവിവരം (ബ്രായ്ക്കറ്റില്‍ കഴിഞ്ഞ ആഴ്ചയിലെ വില)
- ഇഞ്ചി -240 (220)
- തക്കാളി -120 (60-70)
- പച്ചമുളക് -120 (100)
- ബീന്‍സ് -80-92 (90)
- വെണ്ടക്ക -40-60 (50)
- 8കാരറ്റ് -88 (80)
- പാവയ്ക്ക -82 (80)
- ഉള്ളി -80 (80)
- മുരിങ്ങക്ക -80 (70-80)
- പയര്‍ -40-60 (60)
- ബീറ്റ്റൂട്ട് -40-60 (50)
- പടവലങ്ങ -56 (50)
- കോവയ്ക്ക -40-52 (40)
- വഴുതന -56 (50)
- കാബേജ് -48 (45
- ചേന -70 (60) (ജില്ലയില്‍ പലയിടത്തും വിലയില്‍ നേരിയ വ്യത്യാസമുണ്ട്.)