ന്യൂ ഫൗണ്ട്ലാൻഡ്: കടലിന്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാൻ പോകുന്നതിനിടെ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് തീരസംരക്ഷണസേനയെ ഉദ്ധരിച്ച് പാശ്ചാത്യമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജലാന്തരയാനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസ് തുറമുഖത്ത് എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞതു നിർണായകമായി.
ഇവ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ പേടകം തകരാൻ ഇടയായ സാഹചര്യം കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ.
അഞ്ചു സാഹസിക വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കാനുള്ള ദൗത്യം കനേഡിയൻ നാവികസേനാ കപ്പലായ ഹൊറൈസൺ ആർടിക് ആണ് നിർവഹിച്ചത്.
സമുദ്രത്തിനടിയിൽ മുങ്ങിക്കിടന്നിരുന്ന പേടക ഭാഗങ്ങൾ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചാണ് കപ്പലിൽ എത്തിച്ചത്.
പേടകത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാക്കിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ,
കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സിഇഒ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവർ മരിച്ചെന്നു നേരത്തെ സ്ഥിരീകരിച്ചിരുന്നു.