നീലിമംഗലത്ത് പഴംപച്ചക്കറി വില്‍പ്പനയുടെ മറവില്‍ മയക്കുമരുന്നു വില്‍പ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി ആസാം സോണിപുര്‍ പഞ്ച്മൈല്‍ ബസാര്‍ സ്വദേശിയായ രാജികുള്‍ അല (33) മിനെയാണു കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിനു വിപണിയില്‍ നാല് ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
കോട്ടയം നഗരത്തില്‍ പഴം പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ യുവാക്കളെയും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെയും ലക്ഷ്യമാക്കിയാണ് ഇയാള്‍ മാരകലഹരി മരുന്നായ ബ്രൗണ്‍ ഷുഗര്‍ വിൽപ്പന നടത്തിയിരുന്നത്
. പുതുതലമുറയെ ലക്ഷ്യമാക്കി ആവശ്യാനുസരണം ഇയാള്‍ മയക്കമരുന്ന് വില്പന നടത്തി വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു.
ഇതര സംസ്ഥാനത്തുനിന്നു ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ കേരളത്തിലേക്ക് ബ്രൗണ്‍ ഷുഗര്‍ എത്തിച്ചിരുന്നത്. 100 മില്ലി ഗ്രാമിന് 5,000 രൂപ നിരക്കിലാണ് ഇയാൾ വില്പന നടത്തിയിരുന്നത്.
മുന്‍പും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാൾ പണം കണ്ടെത്താനുള്ള എളുപ്പവഴി തേടിയാണ് ലഹരിവില്പന നടത്തിവന്നിരുന്നത്.എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് കെ. നന്ദ്യാട്ട്, കോട്ടയം എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എന്‍. വിനോദ്, അനു വി. ഗോപിനാഥ്, ജി. അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എസ്. നിമേഷ്, കെ.വി. പ്രശോഭ്, ശ്യാം ശശിധരന്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വി. വിജയരശ്മി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.